ന്യൂഡല്‍ഹി: ഭാര്യയെ ഒളിച്ചോടാന്‍ സഹായിച്ചുവെന്ന സംശയത്താല്‍ ഭാര്യാസഹോദരിയെ യുവാവ് വെട്ടിക്കൊന്നു. ഡല്‍ഹിയിലെ ഖ്യാലാ മേഖലയിലാണ് സംഭവം. നുസ്രത് (39) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങളായ രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയുടെ ഭര്‍ത്താവായ ഇസ്തികര്‍ അഹമ്മദിനെ (42) പൊലീസ് അറസ്റ്റു ചെയ്തു.

മറ്റൊരു സഹോദരിയായ അക്ബരി, കൊല്ലപ്പെട്ട നുസ്രത്തിന്റെ മകള്‍ സാനിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇസ്തികര്‍ അഹമ്മദിന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഭാര്യയുടെ ബന്ധുക്കള്‍ ഇതിനു സഹായം ചെയ്തുകൊടുത്തുവെന്ന സംശയം ഇയാള്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഭാര്യവീട്ടിലെത്തിയ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് നുസ്രത്തിനെ വെട്ടുകയായിരുന്നു.

സഹോദരിയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അക്ബരിക്കും വെട്ടേറ്റു. നുസ്രത്തിന്റെ മകള്‍ സാനിയയുടെ വിരല്‍ ആക്രമണത്തില്‍ അറ്റു. പിന്നാലെ കൂടുതല്‍ കുടുംബാംഗങ്ങളെത്തി പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു.