തിരുപ്പത്തൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം. വാണിയമ്പാടിയിലെ മദ്രസയിലാണ് സംഭവം. അധ്യാപകന്‍ കുട്ടികളെ പൊതിരെ തല്ലുന്ന വീഡിയോ ആണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. അധ്യാപകനായ ഷുഹൈബ് ആണ് വിദ്യാര്‍ത്ഥികളെ തലങ്ങും വിലങ്ങും തല്ലിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപകന്റെ മര്‍ദനമേറ്റത്.

വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ ചെന്ന് സംഭവം രക്ഷിതാക്കളെ അറിയിക്കുക ആയിരുന്നു. മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച മദ്രസ അധികൃതര്‍ അധ്യാപകന്റെ ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി പോയി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ അധ്യാപകനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വാണിയമ്പാടിയിലെ ബഷീറാബാദ് മസ്ജിദിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്രസയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. അറുപതോളം വിദ്യാര്‍ത്ഥികളാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. നാല് അധ്യാപകരാണ് ഈ മദ്രസയില്‍ പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളെ അധ്യാപകരിലൊരാള്‍ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. മര്‍ദ്ദിച്ച് അവശനാക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ വലിച്ച് ഭിത്തിയിലേക്ക് എറിയുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതൊടെ വന്‍ പ്രതിഷേധമാണ് അധ്യാപകനെതിരെ ഉണ്ടായിരിക്കുന്നത്.

വാണിയമ്പാടിയിലെ ഷാഹിറബാദ് സ്വദേശിയാണ് വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ച അധ്യാപകന്‍. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യമനുസരിച്ച് വാണിയമ്പാടി സിറ്റി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുപ്പത്തൂരിലെ വാണിയമ്പാടിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷം. മതപരമായ വിശ്വാസ പഠനവുമായി ബന്ധപ്പെട്ട് നിരവധി മദ്രസകളാണ് മേഖലയിലുള്ളത്.