ചെന്നൈ: കനത്ത മഴയില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. തൂത്തുക്കുടിയിലെ ന്യൂ പോര്‍ട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സഞ്ചരിച്ച കാര്‍, കനത്ത മഴയെത്തുടര്‍ന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഹൗസ് സര്‍ജന്‍മാരായ സരൂപന്‍ (23), രാഹുല്‍ ജെബാസ്റ്റ്യന്‍ (23) എന്നിവര്‍ സംഭവ സ്ഥലത്തും മുകിലന്‍ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ശരണ്‍, കൃതിക് കുമാര്‍ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തൂത്തുക്കുടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പൊലീസ് പറഞ്ഞു.