വാല്‍പ്പാറ: സ്‌കൂളിലെ പേരന്റ്‌സ് മീറ്റിങ്ങില്‍ അമ്മ പങ്കെടുക്കാതിരിക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 14 കാരി മരണത്തിന് കീഴടങ്ങി. അധ്യാപകരുടെ മാനസിക പീഡനവും കുറ്റപ്പെടുത്തലുകളും അമ്മ അറിയാതിരിക്കാന്‍ പേരന്റ്‌സ് മീറ്റിങില്‍ നിന്നും ഒഴിവാക്കാനായാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്‌നാട് വാല്‍പ്പാറയിലാണ് സംഭവം.

സ്‌കൂളിലെ പല അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലിഷ് അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ച് പരിഹസിച്ചതായും കുട്ടി മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കി. സ്‌കൂളിലെ മൂന്ന് അദ്ധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. മുടി കെട്ടിയ രീതിയെച്ചൊല്ലി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് വഴക്കുപറയുകയും പരിഹസിക്കുകയും ചെയ്തു. ഇത് കേട്ട് മറ്റ് കുട്ടികള്‍ ചിരിച്ചു.

പഠനം മോശമാണെന്ന പേരില്‍ തമിഴ് അധ്യാപികയുടെ മാറ്റിനിര്‍ത്തലും ഹോംവര്‍ക്ക് ചെയ്യാതിരുന്നതിന്റെ പേരില്‍ സയന്‍സ് അധ്യാപികയുടെ മര്‍ദ്ദവനും വേദനയുടെ ആക്കം കൂട്ടി. കുട്ടിയുടെ മൊഴിയില്‍ അധ്യാപകര്‍ക്കെതിരെ വാല്‍പ്പാറ പൊലീസ് കേസെടുത്തു. ചികിത്സയിലിരിക്കെ മൊഴിയെടുക്കാന്‍ പൊലീസ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.

പാരന്റ്‌സ് മീറ്റിങ്ങില്‍ മാതാപിതാക്കളോടും തനിക്കെതിരെ സംസാരിക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അത് ഒഴിവാക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും, ഇത്ര ഗുരുതരമാകുമെന്ന് കരുതിയില്ലെന്നും കുട്ടി മൊഴിയില്‍ പറയുന്നു. കഴിഞ്ഞ മാസം പത്താം തീയതിയാണ് തമിഴ്‌നാട് വാല്‍പ്പാറയ്ക്ക് അടുത്ത് റൊട്ടിക്കടയില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് 14 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു.