- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്രത്തില്‍ കല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; വയറ്റില്‍ ആഴത്തില്‍ മുറിവുണ്ടാക്കി; നിരവധി ഞെരമ്പുകള്‍ മുറിച്ചു: യുവതിക്ക് ദാരുണാന്ത്യം
യുട്യൂബ് നോക്കി ശസ്ത്രക്രിയ; യുവതിക്ക് ദാരുണാന്ത്യം
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മൂത്രത്തില്‍ കല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കിന്റെ ഉടമയെയും മരുമകനെയും പോലിസ് അറസ്റ്റ് ചെയ്തു. മുനിഷ്ര റാവത്ത് എന്ന സ്ത്രീയാാണ് മരിച്ചത്. ക്ലിനിക്കിന്റെ ഉടമ ഗ്യാന്‍ പ്രകാശ് മിശ്രയ്ക്കും മരുമകന്‍ വിവേക് കുമാര്‍ മിശ്രയ്ക്കും എതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍പോയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
മുനിഷ്ര റാവത്തിന് മൂത്രത്തില്‍ കല്ലുമായി ബന്ധപ്പെട്ട അസുഖമായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് ഭര്‍ത്താവ് തേബഹദൂര്‍ റാവത്ത് ഇവരെ ക്ലിനിക്കില്‍ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഉടമ ഗ്യാന്‍ പ്രകാശ് മിശ്ര മുനിഷ്രയ്ക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. 25,000 രൂപ ശസ്ത്രക്രിയയുടെ ചിലവിനായി കെട്ടിവയ്ക്കണമെന്നും അറിയിച്ചു. ശസ്ത്രക്രിയക്ക് മുന്‍പ് ഭര്‍ത്താവ് 20,000 രൂപ ഫീസ് അടച്ചതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് ഗ്യാന്‍ മിശ്രയും വിവേക് കുമാര്‍ മിശ്രയും ചേര്‍ന്ന് യുവതിക്ക് ശസ്ത്രക്രിയ നടത്തി. ഡിസംബര്‍ ആറിന് വൈകുന്നേരം യുവതി മരിച്ചു. ഇതോടെ സ്ത്രീയുടെ കുടുംബം പോലിസില്‍ പരാതി നല്‍കി. ശസ്ത്രക്രിയ നടത്തിയ സമയം ഗ്യാന്‍ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നെന്നും, ശസ്ത്രക്രിയ സംബന്ധിച്ച യുട്യൂബ് വിഡിയോ കണ്ടതായും ഭര്‍ത്താവ് പൊലീസിനു മൊഴി നല്‍കി. വിഡിയോ കണ്ടശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. മിശ്ര തന്റെ ഭാര്യയുടെ വയറ്റില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയെന്നും നിരവധി ഞരമ്പുകള്‍ മുറിച്ചെന്നും ഭര്‍ത്താവിന്റെ മൊഴിയിലുണ്ട്.
ശസ്ത്രക്രിയ നടത്തുമ്പോള്‍ മിശ്രയുടെ മരുമകന്‍ വിവേക് കുമാര്‍ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാര്‍ മിശ്ര റായ്ബറേലിയിലെ ഒരു ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ്. സര്‍ക്കാര്‍ ജോലിയുടെ മറവിലാണ് അനധികൃത ക്ലിനിക്ക് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ക്ലിനിക്ക് പൊലീസ് അടച്ചുപൂട്ടി.




