ചെന്നൈ: അന്യജാതിക്കാരിയായ മകന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അമ്മായി അമ്മയെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ടുബന്ധുക്കളെയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. കള്ളക്കുറിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം. ശങ്കരാപുരം വിരിയൂര്‍ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29)യാണ് കൊല്ലപ്പെട്ടത്. മരിയ റൊസാരിയോയുടെ അമ്മ മേരി (55)യാണ് അറസ്റ്റിലായത്.

എട്ടു വര്‍ഷം മുമ്പാണ് നന്ദിനിയും മരിയ റൊസാരിയോയും വിവാഹിതരാകുന്നത്. ആദ്യ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് എട്ടുവര്‍ഷം മുന്‍പായിരുന്നു നന്ദിനി റൊസാരിയോയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ചുവയസ്സുള്ള കുട്ടിയുണ്ട്. മേരിക്ക് ഇരുവരും തമ്മിലുള്ള ബന്ധം ഇഷ്ടമായിരുന്നില്ല. മേരി ഇവരുടെ ദാമ്പത്യ ജിവിതത്തില്‍ പലതരത്തിലും വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചതായി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച നന്ദിനിയെ മതപരമായ ചടങ്ങിനാണെന്ന പേരില്‍ മേരി പുറത്തുകൊണ്ടുപോയി. രണ്ടുദിവസമായിട്ടും നന്ദിനി തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

ഭാര്യയെ കാണാതായതോടെ സംശയംതോന്നിയ മരിയ റൊസാരിയോ ഭാര്യയെ കാണാനില്ലെന്ന് ശങ്കരാപുരം പോലീസില്‍ പരാതിനല്‍കി. മേരിയെ ചോദ്യംചെയ്തപ്പോള്‍ അവര്‍ സത്യം വെളിപ്പെടുത്തി. സമീപത്തെ പുഴക്കരയില്‍വെച്ച് താന്‍ നന്ദിനിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചിട്ടതായി മേരി മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് ഫോറന്‍സിക് വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്കുമാറ്റി.