ചെന്നൈ: പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കുപ്രസിദ്ധ ഗുണ്ടയെ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട ആദി (23) ആണ് കൊല്ലപ്പെട്ടത്. കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കൊലപാതകം. കൊളത്തൂര്‍ മഹാത്മാ ഗാന്ധി നഗര്‍ സ്വദേശി ആദി കൊലപാതക കേസില്‍ പ്രതിയാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാര്‍ത്തിക് എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

21 കാരിയായ സുഹൃത്ത് സുചിത്രയെ കാണാനെത്തിയപ്പോഴാണ് സംഭവം. സുചിത്രയെ കാണാന്‍ ആദി പ്രസവ വാര്‍ഡിനു സമീപം കാത്തിരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സംഘം വടിവാളുകൊണ്ടു വെട്ടി വീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു. ആദി സംഭവസ്ഥലത്തു തന്നെ മരിച്ചു. യുവതി ജന്മം നല്‍കിയ നവജാത ശിശു ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. ഇതറിഞ്ഞാണ് ആദി ഇവിടേക്കെത്തിയത്.

നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് ആദിയും സുചിത്രയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ആദിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ മദ്യപിച്ചെത്തിയ ആദി പ്രസവ വാര്‍ഡിന് സമീപം നിന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. ആദിയെ കുറിച്ച് ആശുപത്രി ജീവനക്കാരിയാണ് യുവതിയുടെ ഭര്‍ത്താവിന് വിവരം നല്‍കിയതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.