മൊഹാലി: ഓണ്‍ലൈനായി വാങ്ങിയ ബേക്കറി പലഹാരത്തില്‍ ഈച്ചയെയും പ്രാണികളേയും കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കിയ യുവതിക്ക് വന്‍തുക നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. മൊഹാലിയിലെ ഒരു ബേക്കറിയില്‍നിന്നും ബ്രെഡും റസ്‌ക്കും വാങ്ങിയ സര്‍പ്രീത് കൗറാണ് പാക്കറ്റ് പൊട്ടിച്ചപ്പോള്‍ ഈച്ചയേയും പ്രാണികളെയും കണ്ടത്. തുടര്‍ന്നാണ് യുവതി തെളിവ് സഹിതം പരാതി നല്കിയത്.

2025 സെപ്റ്റംബര്‍ 8 നാണ് ഈ സംഭവമുണ്ടായത്. യുവതി 171 രൂപ നല്‍കിയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തത്. മൊഹാലിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതിപ്പെട്ട യുവതിക്ക് 80,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. യുവതിക്കു നഷ്ടപരിഹാരം നല്‍കുന്നതിനു പുറമേ 20,000 രൂപ രോഗികള്‍ക്കായുള്ള ദുരിതാശ്വാസ ഫണ്ടില്‍ നിക്ഷേപിക്കാനും ബേക്കറി ഉടമയോടു ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

കേസ് പരിഗണിക്കവേ ആഹാരത്തില്‍ ശുചിത്വം, ഗുണനിലവാരം എന്നിവ ഉറപ്പാക്കേണ്ടത് ഭക്ഷണം വില്‍ക്കുന്നവരുടെ ഉത്തരവാദിത്തമാണെന്ന് സര്‍പ്രീത് കൗര്‍ വാദിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ വിതരണത്തിനു പോകുമ്പോള്‍ സംഭവിച്ച പിഴവാണ് കാരണമെന്നാണ് ബേക്കറി അധികൃതര്‍ വാദിച്ചത്. സീല്‍ ചെയ്താണ് ഭക്ഷണം നല്‍കിയതെന്ന കണ്ടെത്തലിലാണ് കമ്മിഷന്‍ പിഴ ചുമത്തിയത്.