ന്യൂഡല്‍ഹി: ആസിഡ് ആക്രമണം നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്കു നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെ നടപടികള്‍ പരിഗണിച്ചുകൂടേയെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു ചോദിച്ചു. അത്തരം കേസുകളില്‍ അസാധാരണമായ ചില ശിക്ഷാ നടപടികള്‍ വേണ്ടി വരും. സ്ത്രീധന പീഡനക്കുറ്റത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആസിഡ് ആക്രമണ കേസുകളിലെ കര്‍ശന നടപടിക്കു നിയമ നിര്‍മാണം കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇരകളില്‍ ഒരാളായ ഷഹീന്‍ മാലിക് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് പരിഗണിച്ചത്. മാലിക്കിന്റെ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

16 വര്‍ഷം പോരാട്ടം നടത്തിയിട്ടും പ്രതികളെ കുറ്റവിമുക്തരാക്കുകയാണ് ഉണ്ടായതെന്ന് ഷഹീന്‍ മാലിക് വാദിച്ചു. വിവരണാതീതമായ ബുദ്ധിമുട്ടുകളാണ് ഇരയാകുന്നവര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. താന്‍ 25 ശസ്ത്രക്രിയകള്‍ക്ക് വിധേയമായതായും പറഞ്ഞു. ആസിഡ് ആക്രമണ കേസുകള്‍ മുന്‍ഗണന നല്‍കി തീര്‍പ്പാക്കാന്‍ ഹൈക്കോടതികളോടു ബെഞ്ച് നിര്‍ദേശിച്ചു. ഇരയാക്കപ്പെട്ടവരുടെ പുനരധിവാസത്തിനു നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയിക്കാന്‍ സംസ്ഥാന നിയമസഹായ അതോറിറ്റികളോടും നിര്‍ദേശിച്ചു. ഹര്‍ജി മാര്‍ച്ച് 9നു വീണ്ടും പരിഗണിക്കും.