ബെംഗളൂരു: ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം കഴിച്ച് വിധവയായ യുവതി. പെട്ടന്നുള്ള കല്യാണത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകവും. ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ 50 വയസ്സുള്ള പരമേഷിന്റെ കൊലപാതകമാണ് പൊലീസ് സമര്‍ഥമായി തെളിയിച്ചത്. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. പരമേഷിന്റെ കൊലപാതകത്തില്‍ ഭാര്യ ആശ (46)യും കാമുകനും അറസ്റ്റിലായി.

കൂലിപ്പണിക്കാരനായ പരമേഷ് ജനുവരി 29ന് രാത്രിയാണ് മരിച്ചത്. തുടര്‍ന്ന് ഭാര്യ ആശ പരമേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും ഇതിന്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 19ന് ആശ പാചകക്കാരനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഇതറിഞ്ഞ പരമേഷിന്റെ ബന്ധുക്കള്‍ ഞെട്ടിപ്പോയി. ഈ വിവാഹത്തില്‍ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് പരമേഷിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തി. ഇതില്‍ മരണം ശ്വാസംമുട്ടിയാണെന്നു കണ്ടെത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ആശയും കാമുകനും മുന്‍ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചു. പരമേഷ് ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുമായി നേരത്തേ ആശയ്ക്ക് ബന്ധമുണ്ടായിരുന്നു.