ബെംഗളൂരു: മൂന്ന് ദിവസം മുമ്പുണ്ടാക്കിയ സാമ്പാര്‍ ചൂടാക്കി വിളമ്പിയതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ കാവ്യയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. 27കാരിയായ കാവ്യ മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാര്‍ ചൂടാക്കി ഉച്ചഭക്ഷണത്തിനൊപ്പം വീണ്ടും വിളമ്പുകയായിരുന്നു. ഇത് ഭര്‍ത്താവിന് ഇഷ്ടമായില്ല. ഇരുവരും തമ്മില്‍ വഴക്കാകുകയും തര്‍ക്കം കയ്യേറ്റത്തിലേക്ക് എത്തുകയും ചെയ്തു. ഇതില്‍ മനംനൊന്ത് യുവതി കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു.

ഇതിന് പിന്നാലെ കാവ്യക്ക് ശാരീരിക പ്രശ്നങ്ങളും ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് ബന്ധു വിവരം തിരക്കിയതോടെയാണ് കീടനാശിനി കഴിച്ച വിവരം പുറത്തറിയുന്നത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിലും മരണകാരണം കീടനാശിനി കഴിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് രംഗസ്വാമിയും കാവ്യയും വിവാഹിതരായത്. ഇരുവര്‍ക്കും നാല് വയസുള്ള കുട്ടിയുണ്ട്.