ബെലഗാവി: സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി. ഏഴുമാസം ഗര്‍ഭിണിയായ ദീപ മഗദുമ്മ ആണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. സ്വാഭാവികമരണമെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ശ്രമം കൊലപാതകമെന്ന് തെളിയുകയായിരുന്നു.ദീപയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് അഭിഷേകിനെയും കൂട്ടുനിന്ന ഭര്‍തൃ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഴുമാസം ഗര്‍ഭിണിയായിരുന്ന ദീപയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയായിരുന്നു അതിക്രൂരമായ കൊലപാതകം. ചിക്കോടിയില്‍ അലഖന്നൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍ത്താവ് അഭിഷേകാണ് ദീപയുടെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലനടത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലയ്ക്ക് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ അഭിഷേക് ശ്രമിച്ചെങ്കിലും കഴുത്തില്‍ കയര്‍ മുറുകിയ പാടുകള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ അതിക്രൂരമായ ശാരീരിക ഉപദ്രവവും യുവതി നേരിട്ടതായി വ്യക്തമായി. ദീപയുടെ കൈകളില്‍ ഉള്‍പ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ നിരവധി മുറിവുകളും മര്‍ദനത്തിന്റെ പാടുകളും കണ്ടെത്തി. സ്ത്രീധന ബാക്കിയായ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ചേര്‍ന്ന് ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൊല്ലപ്പെടുന്ന സമയത്ത് ഏഴുമാസം ഗര്‍ഭിണിയായിരുന്നു ദീപ. ഇത പോലും കണക്കിലെടുക്കാതെ ആയിരുന്നു അഭിഷേകും പിതാവും ചേര്‍ന്ന് ദീപയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ദീപയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അഭിഷേകിനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. ഹാറുഗേരി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.