പട്‌ന: പോലിസ് കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്തിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യുവതി മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബങ്കട ജാഗിര്‍ദാരി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സിനിമാ സ്‌റ്റൈല്‍ പ്രതിഷേധം നടന്നത്. പോലിസെത്തി അനുനയിപ്പിച്ചെങ്കിലും യുവതി താഴെയിറങ്ങാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ പിന്നിട്ടിട്ടും അവിടെ തന്നെ ഇരുന്നു. മണിക്കൂറുകളോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യുവാവിനെ സ്ഥലത്തെത്തിച്ച ശേഷമാണ് യുവതി ടവറില്‍ നിന്നും താഴെയിറങ്ങാന്‍ തയ്യാറായത്.

യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തായ പവന്‍ ചൗഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ടവറിന് മുകളിലേക്ക് വലിഞ്ഞു കയറിയത്. യുവാവ് തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും യുവതി വ്യക്തമാക്കി.

യുവതി ടവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ അനുനയിപ്പിക്കുകയും സുഹൃത്തിനെ വിട്ടയക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമായത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.