മീററ്റ്: അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ബംഗാളില്‍ ജോലി ചെയ്തിരുന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ നൈന്‍ സിങ് (35) അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാനാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തത്. ധന്‍പുര്‍ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ മാര്‍ച്ച് 28ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ഭാര്യയെയും കാമുകനെയും അടക്കം അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു.നൈന്‍ സിങിന്റെ പിതാവ് ഗരീബ് ദാസ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലെത്തിയത്. അയല്‍വാസികളായ നാലുപേരെയാണ് ആദ്യം സംശയിച്ചിരുന്നത്. അന്വേഷണത്തില്‍ ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്ക് എത്തിയത്. കൊലപാതകത്തിന് ചുക്കാന്‍ പിടിച്ചത് സ്വന്തം ഭാര്യയാണെന്നറിഞ്ഞ ബന്ധുക്കള്‍ ഞെട്ടി.

ഫോണ്‍ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചപ്പോഴാണ്, ജവാന്റെ ഭാര്യ കോമള്‍ ദേവി (32) ഭര്‍ത്താവിന്റെ ബന്ധുവായ ഗുല്‍ഷനുമായി സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധം നൈന്‍ സിങ് കണ്ടുപിടിക്കുകയും ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഇത് ദമ്പതികള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിട്ടത്.

ചോദ്യം ചെയ്യലില്‍ ഗുല്‍ഷന്‍ കുറ്റം സമ്മതിച്ചു. കോമളിനും മറ്റ് മൂന്ന് കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്നാണ് നൈന്‍ സിങിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് ഇയാള്‍ മൊഴി നല്‍കി. കൊലപാതകത്തിന് ആവശ്യമായ തോക്ക് വാങ്ങുന്നതിനായി കോമള്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റതായി പൊലീസ് പറഞ്ഞു. കോമള്‍, ഗുല്‍ഷന്‍, സഹായികളായ രാഹുല്‍, ഗുഡു, മോണ്ടു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.