അമരാവതി: കാമുകനെ വിവാഹം കഴിച്ചതിനു യുവതിയെ വീട്ടുകാര്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കാന്‍ ശ്രമം. ആന്ധ്രപ്രദേശിലെ മാച്ചെര്‍ല നഗരത്തില്‍ കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ അച്ഛനേയും ബന്ധുവിനേയും പോലിസ് അറസ്റ്റ് ചെയ്തു. ചൗഡേശ്വരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ചൗഡേശ്വരി തന്റെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മാര്‍ച്ച് 4ന് കാമുകനെ വിവാഹം കഴിച്ചു. ഇതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് ദമ്പതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. മാര്‍ച്ച് 15ന് മാച്ചെര്‍ല ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇവരെ കണ്ടെത്തി. ചൗഡേശ്വരിയുടെ വീട്ടുകാരുടെ പക്കല്‍ നിന്നും പണം വാങ്ങിയ ഇന്‍സ്‌പെക്ടര്‍ ചൗഡേശ്വരിയെ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിനു ശേഷം യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മകള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് വീട്ടുകാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. ഉറക്കത്തിനിടെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചാണ് ചൗഡേശ്വരിയെ കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിച്ചതിലുള്ള ദേഷ്യം കാരണം അച്ഛന്‍ ചന്ദ്രശ്രീനുവും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിയുടെ മാതാപിതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങി കൊലപാതക വിവരം ഒളിപ്പിക്കാനും അവരെ സംരക്ഷിക്കാനും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുടുംബം നടത്തിയ വലിയ തുകയുടെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഗൂഢാലോചന, കൈക്കൂലി വാങ്ങല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും.