- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊലക്കേസ്; ഒളിവില്‍ കഴിയുന്നവരെ തേടി കേരളത്തിന്റെ വിവിധയിടങ്ങളില്‍ എന്‍ഐഎ പരിശോധന; മുഖ്യപ്രതി കുടക് സ്വദേശി എം എച്ച് തുഫൈല്‍
ഒളിവില്‍ കഴിയുന്നവരെ തേടി കേരളത്തിന്റെ വിവിധയിടങ്ങളില്‍ എന്‍ഐഎ പരിശോധന
കൊച്ചി: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊലക്കേസില്‍ ഒളിവില്‍ കഴിയുന്നവരെ തേടി കേരളത്തിന്റെ വിവിധയിടങ്ങളില്‍ എന്‍ഐഎ പരിശോധന. കര്‍ണാടകയില്‍ മാത്രം 16 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. കേരളത്തില്‍ എറണാകുളത്തടക്കം പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.കുടക് സ്വദേശിയായ എം.എച്ച് തുഫൈലാണ് കൊലപാതകസംഘത്തിന്റെ നേതാവെന്നും ഇയാളാണ് മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കിയതെന്നുമാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്.
2022 ജൂലായ് 26-നാണ് പ്രവീണ്‍ നെട്ടാരുവിനെ സുള്ള്യ ബെല്ലാരെയിലെ സ്വന്തം കടയുടെ മുന്നില്‍വച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നത്. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. 19 പേരെ നേരത്തെ അറസ്റ്റു ചെയ്തു. ഇവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സ്വദേശി മുസ്തഫ പൈച്ചര്‍, കുടക് സ്വദേശികളായ സിറാജ്, ഇല്യാസ് എന്നിവരെ കഴിഞ്ഞ മെയ് 11 നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്ത്. ഹാസന്‍ ജില്ലയിലെ സക്‌ലേഷ്പുരയില്‍ നിന്നാണ് ഇന്‍സ്പെക്ടര്‍ ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ. സംഘം ഇവരെ പിടികൂടിയത്. മുസ്തഫയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ. അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പ്രവീണിനെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രത്യേക കൊലപാതക സംഘത്തിന് തന്നെ രൂപം നല്‍കിയെന്നാണ് എന്‍.ഐ.എ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്. കുടക് സ്വദേശിയായ എം.എച്ച് തുഫൈലാണ് കൊലപാതകസംഘത്തിന്റെ നേതാവെന്നും ഇയാളാണ് മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കിയതെന്നുമാണ് എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നത്. പ്രധാന പ്രതികളടക്കമുള്ള മൂന്ന് പേര്‍ക്ക് ഇയാള്‍ കര്‍ണാടകയിലെ മൈസൂരു, കുടക്, തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളില്‍ ഒളിത്താവളമൊരുക്കിയെന്നാണ് എന്‍.ഐ.എയ്ക്ക് കിട്ടിയ വിവരം.
ഒരു സമുദായത്തില്‍പ്പെട്ടവരില്‍ ഭയം സൃഷ്ടിക്കാനും സമൂഹത്തില്‍ വര്‍ഗീയവിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുമുള്ള പി.എഫ്.ഐ.യുടെ അജന്‍ഡയുടെ ഭാഗമായാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയതെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്.