ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാജ്പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ ആസൂത്രണം ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഡിസംബര്‍ 24ന് അടക്കുന്ന സ്‌കൂളുകള്‍ ജനുവരി അഞ്ചിനാണ് തുറക്കുക. ഹരിയാനയില്‍ ഡിസംബര്‍ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.