മുംബൈ: റിസർവ് ബാങ്കിന് നേരെ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ടുകൾ. മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ആർബിഐക്ക് ലഭിച്ച ഇമെയിൽ. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിൽ എഴുതിയ സന്ദേശത്തിൽ 'നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും' എന്ന് എഴുതിയിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം തുടങ്ങി. ഇമെയിൽ അയയ്‌ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയിൽ അയച്ചയാളുടെ 'ഐപി' വിലാസം കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷാ ഏർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ആറ് വർഷത്തിന് ശേഷം അധികാരമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ വന്നത്.

രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൽഹോത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് ആണ് ആർബിഐയുടെ ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.