ന്യൂഡല്‍ഹി: തിരുപ്പറംകുണ്ഡ്രം ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിനും തമിഴ്നാട് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കകം ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ദീപത്തൂണിന് മുകളില്‍ ദിവസേന വിളക്ക് കൊളുത്തുന്നതിനെക്കുറിച്ചും വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹിന്ദു ധര്‍മ പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുല്‍ എം പഞ്ചോളിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മധുരയിലെ തിരുപ്പറംകുണ്ഡ്രം ഭഗവാന്‍ മുരുകന്‍ സുബ്രമണ്യക്ഷേത്രത്തിന്റെ നിയന്ത്രണം എഎസ്ഐ ഏറ്റെടുക്കണമെന്നും ദീപത്തൂണിന് മുകളില്‍ എല്ലായ്പ്പോഴും ഒരു വിളക്ക് കൊടുത്തണമെന്നും നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു ധര്‍മ പരിഷത്ത് ഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ കാര്‍ത്തിക ദിവസം കുന്ന് മുഴുവന്‍ വിളക്കുകള്‍ കത്തിച്ച് മുരുക ഭക്തര്‍ക്ക് ആരാധന നടത്താന്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുപ്പറംകുണ്ഡ്രം കുന്നില്‍ വിളക്ക് തെളിയിക്കാന്‍ അനുവദിച്ച സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് ജനുവരി 6ന് ഹൈക്കോടതി ശരിവെച്ചു. വിളക്ക് കൊളുത്തുന്നത് പൊതുസമാധാനത്തിന് ഭംഗം വരുത്തുമെന്ന ഡിഎംകെ സര്‍ക്കാരിന്റെ വാദം 'അസംബന്ധം' എന്നാണ് കോടതി വിശേഷിപ്പിച്ചത്.