- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോലി ഭാരം വല്ലാതെ തളർത്തി, മാനസികമായി ഏറെ ബുദ്ധിമുട്ടുന്നു, ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല'; ഗുജറാത്തിൽ സ്കൂള് അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; പ്രതിഷേധം ശക്തം
ഗാന്ധിനഗർ: മാനസിക സമ്മർദ്ദം കാരണം ഗുജറാത്തിൽ വീണ്ടും ഒരധ്യാപകൻ ആത്മഹത്യ ചെയ്തു. ഗീർ സോമ്‌നാഥ് ജില്ലയിലെ കോഡിനാർ സ്വദേശിയും ഛാര കന്യാ പ്രൈമറി സ്കൂളിലെ അധ്യാപകനുമായ അരവിന്ദ്കുമാർ മുൽജിഭായ് വധേർ (39) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കുമുമ്പ് ഇതേ കാരണത്തിൽ ഖേദ ജില്ലയിൽ മറ്റൊരു അധ്യാപകന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ഈ സംഭവം.
സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) എന്ന ഇലക്ടറൽ റോൾ പുതുക്കൽ ഡ്യൂട്ടിയിലെ കടുത്ത സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ അരവിന്ദ്കുമാർ വ്യക്തമാക്കുന്നു. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്.ഐ.ആർ ജോലിയുടെ ഭാരം കാരണം ഞാൻ വല്ലാതെ തളർന്നു. മാനസികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇതല്ലാതെ എനിക്ക് വേറെ മാർഗ്ഗമില്ല," എന്ന് അരവിന്ദ്കുമാർ ഭാര്യക്ക് എഴുതിയ കുറിപ്പിൽ പറയുന്നു.
അരവിന്ദ്കുമാറിൻ്റെ മരണം അമിതമായ ജോലിഭാരം മൂലമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അധ്യാപക സംഘടനയായ അഖിൽ ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഗുജറാത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിഎൽഒമാരായി പ്രവർത്തിക്കുന്ന അധ്യാപകർ ഓൺലൈൻ ജോലികൾ ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു. കൂടാതെ, മരിച്ച വധേരിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും മരണത്തിന് കാരണമായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അധ്യാപകരുടെ മേലുള്ള അനാവശ്യമായ ജോലിഭാരം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് ABRSMG പ്രസിഡൻ്റ് മിതേഷ് ഭട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം 50,000-ത്തിലധികം അധ്യാപകരാണ് നിലവിൽ ബിഎൽഒ ഡ്യൂട്ടിയിലുള്ളത്.




