ശ്രീന​​ഗർ: ജമ്മു കാശ്മീരിലെ കുൽ​ഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വ്യാപക ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ. സംഘർഷത്തിൽ അഞ്ച് ഭീകരരെ വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. കുൽ​ഗാമിലെ കാദ്ദർ മേഖലയിലാണ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചത്.

സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആരോ​ഗ്യനില തൃപ്തികരമാണെന്നും സൗത്ത് കശ്മീർ ഡിഐജി വ്യക്തമാക്കി. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരങ്ങൾ. സ്ഥലത്ത് സൈന്യം അതീവ ജാഗ്രതയിലാണ്.