- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക മാത്രം 22,000, കറന്റ് ബില്ലിനും ഭക്ഷണത്തിനും വേറെയും; മാസം ചെലവാക്കുന്നത് ഒന്നര ലക്ഷത്തോളം രൂപ; 24കാരിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലെ ജീവിതച്ചെലവ് എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തി 24 വയസ്സുകാരിയായ ഗൂഗിൾ ജീവനക്കാരി പൂജ നരുള പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 2026 ഫെബ്രുവരി മാസത്തിൽ തനിക്ക് 1.43 ലക്ഷം രൂപ ചെലവായതായാണ് പൂജ വ്യക്തമാക്കുന്നത്. എന്നാൽ, വരും മാസങ്ങളിൽ ഈ ചെലവുകൾ ഗണ്യമായി കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
നഗരത്തിലെ ഒരു യുവ പ്രൊഫഷണലിന്റെ ചെലവുകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുന്നതായിരുന്നു ആ വീഡിയോ. അത്യാവശ്യമായ സ്ഥിരച്ചെലവുകളിൽ നിന്നാണ് പൂജ തന്റെ വിവരണം ആരംഭിക്കുന്നത്. താമസിക്കുന്ന മുറിയുടെ വാടകയായി 22,400 രൂപയും, വീട്ടുജോലിക്കാരനും പാചകക്കാരനുമായി 2,800 രൂപയും, വൈദ്യുതിക്കും മറ്റ് ബില്ലുകൾക്കുമായി 2,000 രൂപയുമാണ് താരം മാറ്റിവെച്ചിരിക്കുന്നത്. തന്റെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചും പൂജ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ സോഷ്യൽ ലൈഫിനായി ഓരോ ആഴ്ചയും ശരാശരി 2,000 രൂപ വീതം മാസം 8,000 രൂപയോളം തനിക്ക് ചെലവാകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഫെബ്രുവരി മാസം സാമ്പത്തികമായി സാധാരണ നിലയിലുള്ള ഒന്നായിരുന്നില്ലെന്നും അപ്രതീക്ഷിതമായ നിരവധി ഒറ്റത്തവണ ചെലവുകൾ ഈ മാസം ഉണ്ടായതായും പൂജ നരുള കുറിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കായി വിമാന ടിക്കറ്റിന് 16,000 രൂപയും, എയർപോർട്ട് ടാക്സിക്കായി 2,000 രൂപയും ഇവർക്ക് ചെലവായി. ഇതിനുപുറമെ, താമസസ്ഥലം മാറിയതുമായി ബന്ധപ്പെട്ട് പായ്ക്കിംഗ് സേവനങ്ങൾക്കായി 3,000 രൂപയും, പുതിയ വീടിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി 66,600 രൂപയും നൽകേണ്ടി വന്നു.
സുഹൃത്തുക്കൾക്കൊപ്പം പുറത്തുനിന്നുള്ള ഭക്ഷണം, അവർക്കുള്ള സമ്മാനങ്ങൾ എന്നിവയ്ക്കായി 20,000 രൂപയും താൻ ചെലവാക്കിയതായി പൂജ വീഡിയോയിൽ വ്യക്തമാക്കി. ഇതുകൂടാതെ, ഭക്ഷണത്തിനായി ചില പ്രത്യേക പ്ലാനുകളും ഏതാനും പേർക്ക് സമ്മാനങ്ങൾ വാങ്ങാനുമായി ഈ മാസം ഏകദേശം 20,000 രൂപ കൂടി ചെലവായി. അങ്ങനെ ഫെബ്രുവരിയിലെ ആകെ ചെലവ് 1.43 ലക്ഷം രൂപയായി," പൂജ പറഞ്ഞു.
ഈ തുക അല്പം കൂടുതലാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, ഇതിൽ പലതും ഓരോ മാസവും ഉണ്ടാകാത്ത ഒറ്റത്തവണ ചെലവുകളാണെന്നും തന്റെ സാധാരണ ബജറ്റിന്റെ ഭാഗമല്ലെന്നും അവർ വ്യക്തമാക്കി. "സത്യം പറഞ്ഞാൽ, ഈ മാസത്തെ കണക്കിൽ ചില പ്രത്യേക ചെലവുകൾ ഉൾപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ചെലവ് ഇതിലും പകുതിയായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ, എങ്കിലും കണ്ടറിയണം. എല്ലാത്തിനും വലിയ വിലയാണെന്നത് യാഥാർത്ഥ്യമാണ്," പൂജ കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ മറ്റൊരു ഡാറ്റാ എൻജിനീയറും തന്റെ മാസശമ്പളവും ചെലവുകളും ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത് നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു. മാസം 3 ലക്ഷം രൂപ കൈപ്പറ്റുന്ന താൻ, ജീവിതച്ചെലവുകൾക്കും നിക്ഷേപങ്ങൾക്കുമായി 2 ലക്ഷം രൂപയിലധികം ചെലവാക്കുന്നുണ്ടെന്നാണ് ഈ ടെക്കി വെളിപ്പെടുത്തിയത്. വാടകയ്ക്കൊപ്പം തന്നെ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് എന്നിവയുടെ ബില്ലുകളും ഉൾപ്പെടുന്നതിനാൽ, ഓരോ മാസവും അപ്രതീക്ഷിതമായ ബിൽ വർധനവുകളില്ലാതെ 25,000 രൂപയിൽ തന്റെ താമസസൗകര്യത്തിനായുള്ള ചെലവ് ഒതുക്കാൻ സാധിക്കുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.


