ജയ്പൂർ: ഡൽഹിയിൽ നിന്നും കാണാതായ മഹീന്ദ്ര സ്‍കോർപിയോകാർ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തി. ജയ്പുരില്‍ ബിക്കാനെര്‍ ഹൈവേയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിനു സമീപമാണ് വാഹനം കണ്ടെത്തിയത്. മോഷണം പോയ സ്ഥലത്ത് നിന്നും ഏകദേശം 450 കിലോമീറ്റർ അകലെ നിന്നുമാണ് വാഹനം കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്നും പോലീസ് കുറിപ്പും കണ്ടെത്തി.

കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെങ്കിലും മുന്നിലെയും പിന്നിലെയും ഗ്ലാസുകളിലായി മൂന്ന് പേപ്പറുകൾ ഒട്ടിച്ചു വെച്ചിരുന്നു. അതിൽ കാറിന്റെ യഥാർത്ഥ ഉടമയെക്കുറിച്ചുള്ള വിവരങ്ങലാണ് എഴുതിവെച്ചിരുന്നത്. കൂടാതെ മോഷണത്തിനിൽ ക്ഷമ ചോദിക്കുകയും ഐ ലവ് ഇന്ത്യ എന്നും എഴുത്തു വെച്ചിരുന്നു. വാഹനം മോഷ്ടിച്ചവർ തന്നെയായിരിക്കാം പാർക്ക് ചെയ്തിട്ട് പേപ്പറിൽ വിവരങ്ങൾ എഴുതിവെച്ച ശേഷം പോയതെന്നാണ് പോലീസിന്റെ നിഗമനം. വാഹനം എന്തെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാ അന്വേഷിക്കുന്നുണ്ട്.

കാറിലെ കുറിപ്പുകൾ കണ്ട പ്രദേശവാസികളിലൊരാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. "ഈ കാർ ഡൽഹിയിലെ പാലം എന്ന സ്ഥലത്തു നിന്ന് മോഷ്ടിച്ചതാണ് " എന്നായിരുന്നു ഒരു പേപ്പറിൽ എഴുതിയിരുന്നത്. കാറിന്റെ രജിസ്ട്രേഷൻ നമ്പർ കൂടി എഴുതിയ ശേഷം ''സോറി'' എന്നും അടിയിലായി എഴുതിവെച്ചിരുന്നു. ഈ വിവരമാണ് കാർ എങ്ങനെ അവിടെയെത്തി എന്ന് കണ്ടെത്താൻ പൊലീസിന് നിർണായകമായ സഹായമായത്. തൊട്ടടുത്ത് തന്നെ മറ്റൊരു പേപ്പറിൽ "ഐ ലവ് മൈ ഇന്ത്യ" എന്നും എഴുതി വെച്ചിട്ടുണ്ടായിരുന്നു.

മൂന്നിലെ ഗ്ലാസിൽ എഴുതിയിരുന്നത് "ഈ കാർ ഡൽഹിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും പോലീസിനെ വിളിച്ച് അവരെ വിവരമറിയിക്കണം, അർജന്റ്" എന്നായിരുന്നു. എഴുതി വെച്ചിരുന്ന നമ്പർ നോക്കി പൊലീസുകാ‍ർ കാറിന്റെ ഉടമയുടെ വിവരങ്ങൾ ശേഖരിച്ചു.

നേരത്തെ, ഒക്ടോബ‍ർ പത്തിന് കാർ നഷ്ടമായെന്ന് പരാതി ഉടമ പോലീസിൽ നൽകിയിരുന്നു. ഡൽഹിയിലെ പാലം കോളനിയിൽ താമസിച്ചിരുന്നയാലാണ് പരാതി നൽകിയിരുന്നത്. ഡൽഹി പൊലീസ് ഇതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ഡൽഹി പൊലീസിൽ നിന്നുള്ള സംഘം വാഹന ഉടമയുമായി ബികാനീറിലെത്തി വാഹനം പരിശോധിച്ചു. ബികാനീർ പൊലീസ് വാഹനം ഡൽഹി പൊലീസിന് കൈമാറി. ഡല്‍ഹി പോലീസാകും കേസ് അന്വേഷിക്കുക.