ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഓടുന്ന ഓട്ടോറിക്ഷയിൽ വെച്ച് യുവതിയെ കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. സെപ്റ്റംബർ 9-ന് ജലന്ധർ ബൈപാസിന് സമീപമാണ് സംഭവമുണ്ടായത്. യുവതിയുടെ സമയോചിത ഇടപെടൽ കൊണ്ടാണ് മോഷണ ശ്രമം പരാജയപ്പെട്ടത്. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഫില്ലൗറിൽ നിന്ന് നവൻഷഹറിലേക്ക് യാത്ര ചെയ്യുകയായിരുന്ന മീന കുമാർ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. ജലന്ധർ ബൈപാസിൽ വെച്ച് ഓട്ടോറിക്ഷയിൽ കയറിയപ്പോൾ ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാർ കൂടിയുണ്ടായിരുന്നു. യാത്രയ്ക്കിടെ ഇവർ മോഷണ സംഘമാണെന്ന് യുവതി തിരിച്ചറിഞ്ഞു. തുടർന്ന്, യുവതിയുടെ കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടി, ആഭരണങ്ങളും പണവും തട്ടിയെടുക്കാൻ ശ്രമിക്കുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതിനെ തുടർന്ന് മീന കുമാർ ഉറക്കെ നിലവിളിക്കുകയും, ഓട്ടോറിക്ഷയുടെ പുറത്തേക്ക് തൂങ്ങിക്കിടന്ന് വഴിയാത്രക്കാരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഏകദേശം അര കിലോമീറ്ററോളം ദൂരം യുവതി ഇത്തരത്തിൽ ഓട്ടോറിക്ഷയിൽ നിന്ന് തൂങ്ങിക്കിടന്നു. മറ്റു വാഹനങ്ങളിലുണ്ടായിരുന്നവർ ഓട്ടോറിക്ഷ തടഞ്ഞ് യുവതിയെ രക്ഷപ്പെടുത്തി. സംഭവസ്ഥലത്തുനിന്നും ഒരാൾ ഓടി രക്ഷപ്പെട്ടെങ്കിലും, ഡ്രൈവർ അടക്കം രണ്ടുപേരെ പോലീസ് പിടികൂടി. ഓടി രക്ഷപ്പെട്ടയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

യുവതിയുടെ ധീരതയെ പ്രശംസിക്കുന്നതിനോടൊപ്പം, പഞ്ചാബിലെ ക്രമസമാധാന നിലയെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ലുധിയാനയിൽ ഇത്തരം മോഷണങ്ങൾ സാധാരണമാണെന്നും, സ്ത്രീകൾ വിലകൂടിയ ആഭരണങ്ങൾ ധരിച്ച് യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.