മുംബൈ: ഓട്ടോറിക്ഷകളിലെ എഴുത്തുകളും, അലങ്കാരങ്ങളുമെല്ലാം മുൻപും ചർച്ചയായിട്ടുണ്ട്. അടുത്തിടെ പൂനെയിലുള്ള അക്വാറിയം കൊണ്ട് അലങ്കരിച്ച ഒരു ഓട്ടോറിക്ഷയുടെ വീഡിയോ ദൃശ്യങ്ങളും വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ഓട്ടോറിക്ഷ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതിനും മാത്രം എന്തായിരിക്കും ഈ ഓട്ടോറിക്ഷയുടെ പ്രത്യേകത ?. തന്റെ ഓട്ടോയെ ഒരു കരോക്കെ സ്റ്റേജ് പോലെ ആക്കിയെടുത്തിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള ഓട്ടോ ഡ്രൈവർ.

ഈ ഓട്ടോറിക്ഷയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. 1979 -ൽ നിന്നുള്ള 'ഫിർ വഹി രാത് ഹൈ' എന്ന ക്ലാസിക്കൽ ബോളിവുഡ് ഗാനം ഡ്രൈവർ പാടുന്നതാണ് വീഡിയോയിലുള്ളത്. ന​ഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഓട്ടോയും ഡ്രൈവറുടെ പാട്ടും കേൾക്കാം എന്നാണ് സൂചന. അദ്ദേഹത്തിന്റെ ശബ്ദവും ഓട്ടോയ്ക്കകത്തെ അതിനോട് ചേർന്ന് നിൽക്കുന്ന അലങ്കാരങ്ങളും ഒരുപോലെ സമൂഹ മാധ്യ ഉപഭോഗ്താക്കളെ ആകർഷിച്ചു.


മനോജ് ബഡ്കർ എന്ന യൂസറാണ് ആദ്യം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. അത് ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്. ശനിയാഴ്ച രാത്രി 11 മണിയോടെ മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നതെന്നാണ് പോസ്റ്റിൻ്റെ കാപ്ഷനിൽ പറയുന്നത്. ഒരു സ്റ്റേജ് പോലെ അലങ്കരിച്ച തന്റെ ഓട്ടോയിലിരുന്നുകൊണ്ട് ഡ്രൈവർ പാടുന്നത് വീഡിയോയിൽ കാണാം.

ഓട്ടോയിൽ നിറയെ വിവിധ നിറത്തിലുള്ള ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് നൽകിയത് ഈ ഓട്ടോ ഡ്രൈവർ അയാളുടെ ജീവിതം പൂർണമായും ആസ്വദിക്കുകയാണ് എന്നാണ്. ആളുടെ പാട്ടും ഓട്ടോയും കൊള്ളാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്തായാലും, മുംബൈയിൽ നിന്നുള്ള ഒരു വേറിട്ട കാഴ്ച തന്നെയാണ് ഈ ഓട്ടോയും ഓട്ടോ ഡ്രൈവറും എന്ന കാര്യത്തിൽ സംശയമില്ല.