ബെംഗളൂരു: ബെംഗളൂരുവില്‍ സിനിമാചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ച സംഭവത്തില്‍ പ്രമുഖ കന്നഡ സിനിമാ

സംവിധായകന്‍ യോഗരാജ് ഭട്ടിന്റെപേരില്‍ പോലീസ് കേസെടുത്തു.തുമകൂരു കൊരട്ടെഗെരെ സ്വദേശി ശിവരാജാണ് മരിച്ചത്.30 വയസ്സായിരുന്നു.30 അടി ഉയരത്തില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചത്.

മതിയായ സുരക്ഷയേര്‍പ്പെടുത്താതെ സിനിമാചിത്രീകരണം നടത്തിയെന്ന കുറ്റംചുമത്തിയാണ് മാദനായക ഹള്ളി പോലീസ് കേസെടുത്തത്.മാനേജര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടുപേരെയും കേസില്‍ ഉള്‍പ്പെടുത്തി. യോഗരാജ് ഭട്ട് മൂന്നാംപ്രതിയാണ്.ബെംഗളൂരുവില്‍ സഹോദരനൊപ്പം താമസിക്കുന്ന ശിവരാജ് സിനിമകളില്‍ ലൈറ്റ്ബോയിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

വ്യാഴാഴ്ചയാണ് സംഭവം.യോഗരാജിന്റെ 'മനദ കടലു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ വി.ആര്‍.എല്‍. അരീനയിലാണ് ചിത്രീകരണം നടന്നത്.