ഗുരുഗ്രാം: കാബ് ഡ്രൈവർമാർ നൽകുന്ന സൗജന്യ സേവനങ്ങളെയും സൗഹൃദപരമായ പെരുമാറ്റങ്ങളെയും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ഒരു യുവതി പങ്കുവെച്ച അനുഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഓൺ‌ലൈൻ ടാക്സി സേവനങ്ങൾ സാധാരണയായി സുരക്ഷിതമാണെന്ന് കരുതുന്ന സാഹചര്യത്തിലാണ് ഈ സംഭവം പുറത്തുവരുന്നത്.

ഇതുസംബന്ധിച്ച് റെഡ്ഡിറ്റിൽ യുവതി പങ്കുവെച്ച കുറിപ്പ് അനുസരിച്ച്, സുഹൃത്തിനൊപ്പം യാത്ര ചെയ്തപ്പോൾ ഡ്രൈവർ റോഡ് ബ്ലോക്കുകൾ ഒഴിവാക്കി സൗകര്യപ്രദമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. യാത്ര അവസാനം ടാക്സി ആപ്പിൽ കാണിച്ച തുക ഓൺലൈനായി നൽകിയതിനു പുറമെ, ഡ്രൈവറുടെ നല്ല പെരുമാറ്റത്തിന് നന്ദിസൂചകമായി 100 രൂപ അധികമായി യുപിഐ വഴി നൽകുകയായിരുന്നു. എന്നാൽ, ഈ പണം ഉടൻ തന്നെ ഡ്രൈവർ തിരികെ അയച്ചു.

പിന്നീട്, ടാക്സി ഡ്രൈവർ യുവതിയുടെ ഫോൺ നമ്പറിൽ നിന്ന് യുപിഐ വഴി വാട്ട്‌സ്ആപ്പിൽ സന്ദേശമയച്ചു. ഇതോടെ സംശയം തോന്നിയ യുവതി അയാളെ ഉടൻ തന്നെ ബ്ലോക്ക് ചെയ്തു. എന്നാൽ, ഇതിനുശേഷവും പേടിഎം വഴി അയാൾ സന്ദേശമയക്കുന്നത് തുടർന്നു. അവിടെയും ബ്ലോക്ക് ചെയ്തതിന് ശേഷം യുവതി ടാക്സി ആപ്പിൽ ഡ്രൈവർക്കെതിരെ പരാതി നൽകി.

വീടിന് അടുത്തുവെച്ചാണ് താൻ ഇറങ്ങിയതെന്നും, ഡ്രൈവർ സമീപത്തുള്ളതിനാൽ തനിക്ക് വലിയ ഭയം തോന്നിയെന്നും യുവതി കുറിപ്പിൽ പറയുന്നു. അതിനാൽ, ഡ്രൈവർമാരോട് സൗഹൃദപരമായി പെരുമാറുന്നതിന് മുമ്പ് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. യാത്രയ്ക്കിടെ ഡ്രൈവറുമായി യാതൊരുവിധ സംഭാഷണവും നടത്തിയിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.