- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൈകിയാൽ കള്ളം പറയേണ്ടി വരില്ല, ജോലി നിരീക്ഷിക്കുന്ന രീതിയില്ല'; കോർപ്പറേറ്റ് ജോലിയോടുള്ള കാഴ്ചപ്പാട് തന്നെ മാറി; ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ രീതികൾ താരതമ്യം ചെയ്ത് യുവതി

ഒട്ടാവ: ജോലിസ്ഥലത്തെ മാനസികാരോഗ്യം, തൊഴിൽ സംസ്കാരം എന്നിവയെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്ന് ഒരു യുവതിയുടെ സോഷ്യൽ മീഡിയ വീഡിയോ. ഇന്ത്യയിലെയും കാനഡയിലെയും കോർപ്പറേറ്റ് ജോലിരീതികൾ തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് അൻഷിക എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ ജോലി സമ്മർദ്ദങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാനഡയിൽ ജീവനക്കാർക്ക് ലഭിക്കുന്ന വിശ്വാസവും സ്വാതന്ത്ര്യവുമാണ് വീഡിയോയുടെ പ്രധാന പ്രമേയം.
കാനഡയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അൻഷികയുടെ വാക്കുകളിൽ, അവിടുത്തെ ഓഫീസ് അന്തരീക്ഷം വളരെ ലളിതവും വിശ്വാസത്തിൽ അധിഷ്ഠിതവുമാണ്. ഓഫീസിൽ എത്തുന്ന സമയം കൃത്യമായി രേഖപ്പെടുത്തേണ്ട ആവശ്യം അവിടെയില്ല. 10-15 മിനിറ്റ് വൈകിയാൽ പോലും ആരും ചോദ്യം ചെയ്യുകയോ കള്ളം പറയേണ്ടി വരികയോ ഇല്ല. മാനേജർമാർ ജീവനക്കാരുടെ ജോലി നിരന്തരം നിരീക്ഷിക്കുന്ന രീതിയും അവിടെയില്ല. ഓരോ വ്യക്തിയെയും മുതിർന്നവരായി കണ്ട് അവർക്ക് അർഹമായ വിശ്വാസം നൽകുന്നു.
ജോലിക്കിടയിൽ ചെറിയ മയക്കത്തിന് പോലും കാനഡയിലെ തൊഴിൽ സാഹചര്യങ്ങളിൽ അനുവാദമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കുക എന്നതിന് മാത്രമാണ് അവിടെ പ്രാധാന്യം. രാവിലെ ജോലികൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ മാനസികോല്ലാസത്തിനായി ക്വിസ് മത്സരങ്ങളും ലഘു സംഭാഷണങ്ങളും നടക്കാറുണ്ട്. "ഇന്ത്യയിൽ എനിക്ക് കോർപ്പറേറ്റ് ജോലി ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നാൽ കാനഡയിൽ എത്തിയപ്പോൾ ആ കാഴ്ചപ്പാട് മാറി. എല്ലാ കോർപ്പറേറ്റ് സ്ഥാപനങ്ങളും ടോക്സിക് അല്ലെന്ന് എനിക്ക് മനസ്സിലായി," അൻഷിക വീഡിയോയിൽ പറയുന്നു.
അൻഷികയുടെ ഈ പോസ്റ്റ് അതിവേഗം ശ്രദ്ധ പിടിച്ചുപറ്റി. നിരവധിപ്പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. പലരും അൻഷികയുടെ അഭിപ്രായത്തോട് യോജിച്ചു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ മാനേജർമാർ പോലും ചിലപ്പോൾ ഇന്ത്യയിലെ അതേ കർക്കശമായ രീതികൾ തുടരാറുണ്ടെന്നും, അത് ഒഴിവാക്കിയാൽ വിദേശത്തെ ജോലി വളരെ സമാധാനപരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, എല്ലാ കമ്പനികളെയും സാമാന്യവൽക്കരിക്കരുത് എന്ന് പോസ്റ്റിനെ വിമർശിച്ചവരും ഉണ്ട്. ഇന്ത്യയിലെ എല്ലാ കമ്പനികളും മോശമല്ല എന്നാണ് ഇവരുടെ വാദം.


