പാലക്കാട്: വാളയാര്‍ ടോള്‍പ്‌ളാസയില്‍ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ പരിശോധനയില്‍ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു പണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രാദേശിക നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ പ്രസാദ് സി നായര്‍, ഡ്രൈവര്‍ പ്രശാന്ത് എന്നിവരെ ജാമ്യത്തില്‍ വിട്ടു. കാറില്‍ 500 രൂപയുടെ 100 നോട്ടുകളടങ്ങിയ കെട്ടുകള്‍ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്.

കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറില്‍ പഴം കൊണ്ടുവരുന്ന പെട്ടിയിലായിരുന്നു നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കച്ചവടത്തിന്റെ ആവശ്യത്തിനുള്ള പണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് രേഖകളൊന്നും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് പണം പിടിച്ചെടുത്ത് കോടതിക്ക് കൈമാറാനുളള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു പ്രസാദും ഡ്രൈവറുമെന്നാണ് വിവരം. ഇവരോട് പണത്തിന്റെ രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് ഹാജരാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഇതോടെ രണ്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

പണം കോടതിക്ക് കൈമാറുമെന്നും വാളയാര്‍ പൊലീസ് പറഞ്ഞു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്റെ കിഴക്കഞ്ചേരിയിലെ വീട്ടില്‍ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്നത് സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ കള്ളപ്പണം സംബന്ധിച്ച വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കൊടകര കള്ളപ്പണക്കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.

തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘമാണ് കോടതിയെ സമീപിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറുചാക്കുകളിലാക്കിയായിരുന്നു കൊണ്ടുവന്നത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു പുറത്തുവന്നത്. ഇത് വന്‍ വിവാദമാവുകയും ചെയ്തു.