ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയിലെ 10 പേരെ കാണാതായതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ പരിശോധനകള്‍ ശക്തമാക്കിയതോടയാണ് ഇവര്‍ മുങ്ങിയത്. മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് കാണാതായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും ഓഫാക്കിയിരിക്കുന്ന അവസ്ഥയിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന്, ജമ്മു കശ്മീര്‍, ഹരിയാന പൊലീസിന്റെ സംയുക്ത നീക്കത്തിന് ശേഷമാണ് 10 പേരുടെ തിരോധാനം റിപ്പോര്‍ട്ട് ചെയ്തത്. ദില്ലി ഭീകരാക്രമണത്തിന് പിന്നിലെ 'ടെറര്‍ ഡോക്ടര്‍' മൊഡ്യൂളില്‍ ഉള്‍പ്പെട്ടവരായിരിക്കാം കാണാതായതെന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ പറയുന്നു.

ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്, കൂടുതല്‍ ചാവേര്‍(ഫിദായീന്‍) ആക്രമണങ്ങള്‍ക്കായി 'സംഭാവന' നല്‍കാന്‍ ആഹ്വാനം നടത്തിയതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. 20,000 പാകിസ്താനി രൂപ വീതമാണ് ഇവര്‍ സംഭാവനയായി ആവശ്യപ്പെട്ടത്.

ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ലഭിച്ച സൂചനകള്‍ പ്രകാരം, ജെയ്ഷ് നേതാക്കള്‍ സദാപേ എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതായും വനിതകളെ ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനകം ജെയ്‌ഷെ ഒരു 'വനിതാ വിഭാഗം' ഉണ്ടാക്കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലെ ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകള്‍ തുടച്ചുനീക്കപ്പെട്ടതിന് ശേഷമാണ് ഈ യൂണിറ്റ് സ്ഥാപിച്ചത്. ഭീകര നേതാവ് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയ്ക്കായിരുന്നു ഇതിന്റെ നേതൃത്വ ചുമതല.

ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ ഡോ. ഷഹീന്‍ സയീദ് ഈ യൂണിറ്റിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. 'മാഡം സര്‍ജന്‍' എന്ന രഹസ്യനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇവര്‍, ആക്രമണത്തിന് പണം നല്‍കിയതായും സംശയിക്കുന്നു. ജമാഅത്ത് ഉല്‍ മുഅ്മിനാത്ത് എന്നാണ് ഈ യൂണിറ്റിന്റെ പേര്.

ചെങ്കോട്ടയില്‍ നടന്ന സ്ഫോടനത്തില്‍ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നതെന്ന് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. i20 കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ മുഹമ്മദ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മറ്റ് ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച സര്‍വകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖിയും അറസ്റ്റിലായി. ഭീകരവാദത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

സര്‍വകലാശാലയ്ക്കു ലഭിച്ച പണം കുടുംബ ട്രസ്റ്റുകളിലേക്കു വകമാറ്റിയെന്നാണു ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ജാവേദിന്റെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പണം തട്ടിച്ചകേസില്‍ മധ്യപ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ 1997ല്‍ ആരംഭിച്ച മെഡിക്കല്‍ കോളജ് 2014ല്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയായി.

2014-15 മുതലുള്ള സ്ഥാപനത്തിന്ര്‍റ ആദായനികുതി പരിശോധനയില്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. 2014-15 ലും 2015-16 ലും 30.89 കോടി രൂപയും 29.48 കോടി രൂപയും സംഭാവനകളായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018-19 മുതല്‍ വരുമാനത്തില്‍ കുത്തനെ വര്‍ധനയുണ്ടായി. 2018-19 ല്‍ 24.21 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 80.01 കോടി രൂപയായി വരുമാനം ഉയര്‍ന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നത് 415 കോടി രൂപയായിരുന്നു.

വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിധരിപ്പിക്കാനായി അല്‍-ഫലാഹ് സര്‍വകലാശാല നാക് അക്രെഡിറ്റേഷനുണ്ടെന്ന് അവകാശപ്പെടുകയും യുജിസി നിയമത്തിലെ സെക്ഷന്‍ 12 (ബി) പ്രകാരം അംഗീകാരമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. സര്‍വകലാശാല ഒരു സംസ്ഥാന സ്വകാര്യ സര്‍വകലാശാല എന്ന നിലയില്‍ സെക്ഷന്‍ 2 (എഫ്) പ്രകാരമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളതെന്നും 12 (ബി) പ്രകാരമുള്ള ഗ്രാന്റുകള്‍ക്ക് ഒരിക്കലും അര്‍ഹത നേടിയിട്ടില്ലെന്നും പിന്നീട് യുജിസി വ്യക്തമാക്കിയിരുന്നു.

അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചപ്പോഴും വിദ്യാര്‍ഥികളില്‍നിന്ന് മുഴുവന്‍ ഫീസും സര്‍വകലാശാല പിരിച്ചെടുത്തിരുന്നു. വ്യാജ അംഗീകാരം ഉപയോഗിച്ച് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതും വ്യാജ രേഖകള്‍ ഉണ്ടാക്കിയതിനുമാണ് സര്‍വകലാശാലയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പിഎംഎല്‍എ അന്വേഷണത്തിനിടെ, സര്‍വകലാശാല പൊതുജനങ്ങളെ വഞ്ചിച്ചുവെന്നും വിദ്യാര്‍ത്ഥിളില്‍നിന്നുള്ള ഫീസ് വ്യക്തിപരവും സ്വകാര്യവുമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും കാണിക്കുന്ന വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതായി ഇഡി സ്ഥിരീകരിച്ചു. നവംബര്‍ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് അല്‍ ഫലാഹ് സ്ഥാപനങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഇഡി കണ്ടെത്തിയത്. സ്‌ഫോടനത്തിന്റെ മുഖ്യ കണ്ണിയായ ഡോ. ഉമര്‍ മുഹമ്മദ്, കൂട്ടാളികളായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍, ആദില്‍ റാത്തര്‍ എന്നിവര്‍ അല്‍ ഫലാഹ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്നു. ഉമര്‍ മുഹമ്മദ്, സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാണത്തിനായി സര്‍വകലാശാല ലാബില്‍ നിന്ന് രാസവസ്തുക്കള്‍ കടത്തിയതായും ആരോപമുയര്‍ന്നിരുന്നു.