വെഞ്ഞാറമൂട്: രണ്ട് ദിവസം മുന്‍പ് കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനിന്റെ മരണം ദുരൂഹമല്ലെന്ന് പോലീസ്. വീടിനു സമീപത്തെ കിണറ്റില്‍ നിന്നാണ് അര്‍ജുനിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അര്‍ജുന്‍ പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ അന്നദാനത്തില്‍ പങ്കെടുക്കാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മുത്തച്ഛന്റെ മരണം കാരണം അനുമതി നിഷേധിച്ചതോടെ കുട്ടിയില്‍ മാനസിക സമ്മര്‍ദം ഉണ്ടായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ അതേ സഹോദരി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാനായി പോകുന്ന വിവരം അറിഞ്ഞപ്പോഴാണ് അര്‍ജുന്‍ വീട്ടുകാരുമായി വഴക്കുണ്ടായത്. അതിനൊപ്പം ഐപിഎല്‍ കാണാനായി ടി.വി. ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാര്യമായി എടുക്കാത്തതും കുട്ടിയെ മനസികമായി ബാധിച്ചുവെന്നാണ് പോലീസിന്റെ അഭിപ്രായം.

തിങ്കളാഴ്ച വൈകിട്ട് 6.15 ഓടെയാണ് അര്‍ജുനെ കാണാതാകുന്നത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.

വെഞ്ഞാറമൂട് അഗ്നിരക്ഷാസേന അംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പിലെത്തിച്ച മൃതദേഹം കിളിമാനൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പിരപ്പന്‍കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. വെഞ്ഞാറുമൂട് തൈക്കോട് സമന്വയ നഗര്‍ മുളംകുന്ന് ലക്ഷംവീട്ടില്‍ അനില്‍കുമാറിന്റെയും മായയുടെയും മകനാണ്. സഹോദരി: മഹേശ്വരി.