കൊല്‍ക്കത്ത: അമ്മയുടെ കാമുകനായ 56-കാരനെ വെട്ടിക്കൊലപ്പെടുത്തി മകൻ. കൊൽക്കത്തയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അമ്മയുമായി അടുപ്പം പുലര്‍ത്തി പ്രണയത്തിലായ 56-കാരനെ കൗമാരക്കാരന്‍ വീട് കയറിയാണ് കൊലപ്പെടുത്തി. കേസിൽ പ്രതിയായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ഫോണും സ്വര്‍ണമാലയും മോതിരവും പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ അമ്മയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും കാണാന്‍പാടില്ലാത്ത രീതിയില്‍ ഇരുവരെയും കണ്ടെന്നും ഇതിന്റെ പകയിലാണ് മകൻ കൊലപാതകം നടത്തിയത്.

സംഭവത്തിൽ കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്തിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്തിരുന്ന അഭിജിത് ബാനര്‍ജിക്ക് നിലവില്‍ റെന്റ് എ കാര്‍ ബിസിനസായിരുന്നു. ഇതിനൊപ്പം പ്രാവുവളര്‍ത്തലും വില്‍പ്പനയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.

ഫോണ്‍വിളിച്ചിട്ടും മറുപടിയില്ലാത്തതിനാല്‍ ഇയാള്‍ മുകള്‍നിലയിലെ മുറിയിൽ എത്തി. എന്നാല്‍ വാതില്‍ പൂട്ടിയിട്ടനിലയിലായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന അഭിജിത്തിന്റെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരും മറ്റുള്ളവരും വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് അഭിജിത്തിനെ കൊല്ലപ്പെട്ടനിലയില്‍ ഒടുവിൽ കണ്ടെത്തിയത്.

അതേസമയം, പ്രതിയുടെ മൊഴികള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അഭിജിത്തിന്റെയും പ്രതിയുടെ അമ്മയുടെയും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.