ഛണ്ഡിഗഡ്: ഹരിയാന റോത്തഗ് ജില്ലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തി. സോനപത്ത് ജില്ലയില്‍ നിന്നുള്ള 23കാരിയായ ഹിമാനി നര്‍വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപാണ് മൃതദേഹം കണ്ടത്തിയത്. സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.

ശനിയാഴ്ചയാണ് കോണ്‍ഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലും ഹരിയാന്‍വി നാടോടി കലാകാരന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നര്‍വാളിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് 200 മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസ് യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുകയും പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇത് തുറന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റ പാടുകളോടെ നര്‍വാളിന്റെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്നുവെന്ന് റോഹ്തക് പോലീസ് സണ്ണി ലൂറ അറിയിച്ചു.

തെളിവെടുപ്പിനായി ഫോറന്‍സിക് സംഘത്തെ സംഭവസ്ഥലത്തേക്ക് വിളിച്ചതായി സാംപ്ല പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിജേന്ദര്‍ സിംഗ് അറിയിച്ചു. 'മറ്റെവിടെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്യൂട്ട്‌കേസ് എപ്പോള്‍ സ്ഥലത്ത് ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നര്‍വാളിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഞെട്ടലും രോഷവും പ്രകടിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നീതി വേഗത്തില്‍ ഉറപ്പാക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഭരത് ഭൂഷണ്‍ ബത്ര റോഹ്തക്കിലെ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. സംഭവം സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന് കളങ്കമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.