ഭോപ്പാൽ: രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരന് സമ്മാനങ്ങളുമായി നർമ്മദ എക്സ്പ്രസിൽ യാത്ര തിരിച്ച 29 വയസ്സുള്ള യുവ അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായി. ഓഗസ്റ്റ് 6ന് മധ്യപ്രദേശിലെ കട്നി സൗത്ത് സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുടെ ബാഗുകൾ മാത്രമാണ് സീറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇൻഡോർ ബെഞ്ചിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയായ അർച്ചന തിവാരിയാണ് കാണാതായത്. ഇൻഡോറിലെ ഹോസ്റ്റലിൽ താമസിച്ച് സിവിൽ ജഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അർച്ചന. രക്ഷാബന്ധൻ ചടങ്ങിന് അഞ്ച് ദിവസം മുൻപ് ഓഗസ്റ്റ് 6ന് നർമ്മദ എക്സ്പ്രസിൽ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. നർമ്മദ എക്സ്പ്രസിലെ ബി 3 കോച്ചിൽ മൂന്നാം ബർത്തിൽ അർച്ചന യാത്ര തുടങ്ങിയതായി ടിക്കറ്റ് പരിശോധകരും സഹയാത്രികരും സ്ഥിരീകരിച്ചിട്ടുണ്ട്.

യാത്രയ്ക്കിടെ രാത്രി 10.16ഓടെ വീട്ടിലേക്ക് വിളിച്ച അർച്ചന, ഭോപ്പാലിന് സമീപമെത്തിയതായി അറിയിച്ചിരുന്നു. ഇതിന് ശേഷം യുവതിയെക്കുറിച്ച് വിവരമൊന്നും ലഭ്യമല്ല. പിറ്റേന്ന് പുലർച്ചെ ട്രെയിൻ കട്നി സൗത്ത് സ്റ്റേഷനിലെത്തിയപ്പോൾ ബന്ധുക്കൾ കാത്തുനിന്നെങ്കിലും അർച്ചന പുറത്തിറങ്ങിയില്ല. ഇറ്റരാസി സ്റ്റേഷന് സമീപമാണ് അവസാനമായി അർച്ചനയുടെ ഫോൺ ലൊക്കേഷൻ ലഭിച്ചത്.

രക്ഷാബന്ധൻ ആഘോഷത്തിനായുള്ള രാഖികളും കുട്ടികൾക്കും ബന്ധുക്കൾക്കുമുള്ള സമ്മാനങ്ങളും അടങ്ങിയ ബാഗുകളാണ് അർച്ചനയുടെ സീറ്റിൽ നിന്നും കണ്ടെടുത്തത്. 12 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ യുവതിക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ പോലീസ് വിവിധ സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, സ്വമേധയാ ഇറങ്ങിപ്പോകൽ തുടങ്ങിയ സാധ്യതകൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

മകളെ കാണാതായി രണ്ട് ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ, കേസിൽ സിബിഐ അന്വേഷണം വേണമെന്ന് അർച്ചനയുടെ കുടുംബം ആവശ്യപ്പെടുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.