കൊച്ചി: മൂന്നുവയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പുത്തന്‍കുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കൊലപാതകത്തിന് അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ വിവരം. ചോദ്യ ചെയ്യലിലടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷമായിരിക്കും കേസെടുക്കുക. ഉടന്‍ തന്നെ പുത്തന്‍കുരിശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.

ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ ഇന്ന് രാവിലെ മുതല്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം. ഇയാളെ രാത്രിയിലും ചോദ്യം ചെയ്യുമെന്നാണ് വിവരം.

വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേര്‍ന്നുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ ഒരാളാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇയാളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്നാണ് വിളിപ്പിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നാണ് വിവരം.

ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാനാണ് മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ അമ്മ ആദ്യമെത്തിയതു ശിവരാത്രി മണപ്പുറത്താണെന്നും നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് കുട്ടിയുമായി മൂഴിക്കുളത്തേക്കു പോവുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.