കലബുറഗി: കർണാടകയിലെ കലബുറഗിയിൽ പ്രണയവും സാമ്പത്തിക ഇടപാടുകളും ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മകന്റെ പ്രായമുള്ള കാമുകന് ലക്ഷക്കണക്കിന് രൂപ നൽകിയ 57-കാരിയായ സ്കൂൾ അധ്യാപികയെയാണ് പണം തിരികെ ചോദിച്ചതിന്റെ പേരിൽ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. കലബുറഗി സ്വദേശിനിയും സർക്കാർ സ്കൂൾ അധ്യാപികയുമായ ജ്യോതി കപാളെ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ അയൽവാസിയും കാമുകനുമായ അമർ ഗുഡ്ഡള്ളി (27) പോലീസ് പിടിയിലായി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കലമൂഡ് ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് പാതി കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കമലാപുർ പോലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ജ്യോതിയാണെന്ന് വ്യക്തമായത്.

തെളിവ് നശിപ്പിക്കാനായി പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച ശേഷം പ്രതി കടന്നുകളയുകയായിരുന്നു. ജ്യോതിയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ച പോലീസിന് അമറുമായുള്ള ഇവരുടെ നിരന്തര സമ്പർക്കത്തിൽ സംശയം തോന്നി. തുടർന്ന് ഒളിവിൽ പോയ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ബീദർ ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്ന ജ്യോതി അവിവാഹിതയായിരുന്നു. അവധി ദിവസങ്ങളിൽ കലബുറഗിയിലെ അമ്മയുടെ വീട്ടിലെത്തുമ്പോഴാണ് അയൽവാസിയായ അമറുമായി ഇവർ പരിചയപ്പെടുന്നത്. അഞ്ച് വർഷത്തോളമായി ഇരുവരും തമ്മിൽ അടുത്ത ബന്ധത്തിലായിരുന്നു. എന്നാൽ വിവാഹിതനും കുട്ടികളുമുള്ള അമറിന്റെ ലക്ഷ്യം ജ്യോതിയുടെ സമ്പാദ്യമായിരുന്നു.

പോലീസ് റിപ്പോർട്ടുകൾ പ്രകാരം 15 മുതൽ 20 ലക്ഷം രൂപ വരെ വിവിധ ഘട്ടങ്ങളിലായി ജ്യോതി അമറിന് നൽകിയിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് ഇയാൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. അടുത്തിടെ ജ്യോതി നൽകിയ പണം ഉപയോഗിച്ച് ഇയാൾ ഒരു മഹീന്ദ്ര ഥാർ കാറും വാങ്ങിയിരുന്നു.

അടുത്തിടെ താൻ നൽകിയ വലിയ തുക തിരികെ വേണമെന്ന് ജ്യോതി നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് അമർ ഇവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഏപ്രിൽ 3-ന് ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന ജ്യോതിയെ തന്റെ ഥാർ കാറിൽ ഇയാൾ കൂട്ടിക്കൊണ്ടുപോയി. പല സ്ഥലങ്ങളിലും കറങ്ങിയ ശേഷം രാത്രിയോടെ കലമൂഡിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു.

കാറിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം, ഡിക്കിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചു. പോലീസ് നടത്തിയ തിരച്ചിലിൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പെട്രോൾ കാനും ആഡംബര കാറും കണ്ടെടുത്തു.

"പ്രണയത്തിന്റെ മറവിൽ നടന്ന സാമ്പത്തിക ചൂഷണമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടാൻ സാധിച്ചു." - പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മകന്റെ പ്രായമുള്ള ഒരാളെ വിശ്വസിച്ച് ലക്ഷങ്ങൾ നൽകിയ അധ്യാപികയ്ക്ക് ഒടുവിൽ ഇതേ പണത്തിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്നത് കലബുറഗിയെ നടുക്കിയിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.