കൽപറ്റ: ഓൺ​ലൈൻ ഷെയർ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് വയനാട് ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിച്ച കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധ (58) ആണ് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് പരാതിക്കാരൻ സോഷ്യൽ മീഡിയ വഴി ഒരു യുവതിയെ പരിചയപ്പെടുന്നത്.

ഈ യുവതിയാണ് ഓൺ​ലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ പരാതിക്കാരനെ പ്രേരിപ്പിച്ചത്. പ്രതി നൽകിയ ആപ്പ് വ്യാജമാണെന്ന് തിരിച്ചറിയാതെ ഡൗൺലോഡ് ചെയ്ത് ട്രേഡിങ് ആരംഭിച്ച പരാതിക്കാരൻ, നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. പിന്നീട് ലാഭമടക്കം തിരികെ ചോദിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയായിരുന്നു.

പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കംബോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സൈബർ പോലീസ് കണ്ടെത്തി. പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്. വിദേശ കമ്പനികൾക്ക് വേണ്ടി പണം കൈമാറുകയാണ് പ്രതി ചെയ്തിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിലൂടെ പണം എവിടെയെത്തി എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ഇൻ​സ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഗുരുഗ്രാം കോടതിയിൽ ഹാജരാക്കി വയനാട്ടിൽ എത്തിച്ചു. അസി. സബ് ഇൻ​സ്പെക്ടർ റസാഖ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ കെ. അബ്ദുൾ സലാം, എ. ആയിഷ, വി.കെ ശശി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.