ട്രെയിനിലെ എസി കോച്ചിനുള്ളിൽ യുവതി പുകവലിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. എതിർത്ത സഹയാത്രികരോട് യുവതി തട്ടിക്കയറുന്നതും വീഡിയോയിൽ കാണാം. റെയിൽവേയുടെ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, ഈ സംഭവം നടന്ന ട്രെയിൻ ഏതാണെന്നോ എപ്പോൾ സംഭവിച്ചു എന്നതിലോ വ്യക്തതയില്ല.

സഹയാത്രികർ പുകവലിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെയാണ് യുവതി പ്രകോപിതയായത്. വീഡിയോ ചിത്രീകരിക്കുന്നത് നിർത്തണമെന്നും, ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ, ട്രെയിനകത്ത് പുകവലിക്കുന്നത് നിയമവിരുദ്ധമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ പണം കൊണ്ടല്ല താൻ പുകവലിക്കുന്നതെന്നും, ഇത് തൻ്റെ ട്രെയിനല്ലല്ലോ എന്നുമായിരുന്നു യുവതിയുടെ മറുപടി.

തർക്കത്തിൽ ട്രെയിൻ ജീവനക്കാർ ഇടപെട്ടെങ്കിലും, യുവതിയുടെ പ്രതികരണം തുടർന്നു. പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോൾ, പോലീസിനെ വിളിക്കാനും യുവതി ആവശ്യപ്പെട്ടു. പിന്നീട് സിഗരറ്റോടെ സ്വന്തം ബർത്തിൽ വിശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ഈ സംഭവത്തിന്റെ വീഡിയോ റെയിൽവേ മന്ത്രാലയത്തെ ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായി ഉയർന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് ട്രെയിൻ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും, പിഴയോടുകൂടിയ ശിക്ഷ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഈ സംഭവം റെയിൽവേ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഇത്തരം നിയമലംഘനങ്ങൾ തടയാനും യാത്രക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും റെയിൽവേ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും വിഡിയോയിലൂടെ വ്യക്തമാക്കുന്നു.