കൊച്ചി: എറണാകുളത്തെ ഒരു മെൻസ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി ഫൈസൽ നാസർ (33) എന്നയാളെയാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിഹാബുദ്ദീൻ.എം.എച്ച്, ജയകുമാർ.പി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി മയക്കുമരുന്നുകൾ കണ്ടെടുത്തത്.

സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിലും എക്സൈസ് വകുപ്പ് വ്യാപകമായ ലഹരിവിരുദ്ധ പരിശോധനകൾ നടത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘവും റെയിൽവേ സംരക്ഷണ സേനയും (ആർ.പി.എഫ്) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 30 കിലോയോളം കഞ്ചാവ് പിടികൂടി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൻ്റെ ജനറൽ കോച്ചിൽ ഉടമസ്ഥനില്ലാത്ത നിലയിൽ മൂന്ന് ഷോൾഡർ ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെയും ആലപ്പുഴ റെയിൽവേ സംരക്ഷണ സേനയിലെ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ്.എ.കെ യുടെയും നേതൃത്വത്തിലായിരുന്നു ഈ പരിശോധന.

കൊല്ലം മുട്ടറയിൽ ഉത്സവകാല വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഉമേഷ് (39) എന്നയാളെയും പിടികൂടി. എഴുകോൺ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ സാജൻ.സിയുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)മാരായ ശ്രീജിത്ത് മിറാൻഡ, അജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു.എം, അനന്തു.എം, ശ്രീഹരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അമൃത എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വിതരണവും വിൽപ്പനയും തടയുന്നതിനുള്ള എക്സൈസ് വകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും കർശന നടപടികൾ തുടരുകയാണ്.