ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരി ഉപയോഗിച്ച് റീൽസ് ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. പൂന്തോപ്പ് സ്വദേശികളായ സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തേരിയിലായിരുന്നു സംഭവം. കറുത്ത വസ്ത്രം ധരിച്ച് കുരിശിൽ തലകീഴായി കിടക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ചത്. പള്ളി അധികാരികളുടെ പരാതിയെ തുടർന്ന് നോർത്ത് പോലീസ് കേസെടുക്കുകയും സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.

കൃത്യത്തിനുശേഷം നാട്ടിൽനിന്ന് മുങ്ങി പുനലൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ച ശേഷമാണ് ഇവർ റീൽസ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ലഹരിമാഫിയകളുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇൻസ്പെക്ടർ എം.ജെ. അരുൺ അറിയിച്ചു. ഇവരുടെ അറസ്റ്റിലൂടെ കൂടുതൽ കുറ്റക്കാരെ കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. പിടിയിലായവർ കഞ്ചാവ് ഉപയോഗം, അടിപിടി തുടങ്ങിയ നിരവധി സമാന കേസുകളിൽ ഉൾപ്പെട്ടവരും മുൻപ് ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. ഈ അറസ്റ്റ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.