കുണ്ടറ: അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി നാലര മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. ശ്രീനഗറില്‍ ഒളിവില്‍ താസമിക്കുകയായിരുന്നു ഇയാളെ പോലീസ് പിടികൂടി നാട്ടിലെത്തിച്ചു. പടപ്പക്കരയിലാണ് അമ്മയെയും മുത്തച്ഛനെയും പ്രതി കൊലപ്പെടുത്തിയത്.

2024 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മുത്തച്ഛന്‍ ആന്റണിയെ (77) ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന്, ഹോംനഴ്‌സ് ഏജന്‍സി നടത്തുന്ന അമ്മ പുഷ്പലതയെ (55) വീട്ടിലേക്ക് ഫോണ്‍ വിളിച്ചുവരുത്തി ആക്രമിച്ചു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് തലയ്ക്ക് കുത്തി. മരണം ഉറപ്പാക്കാനായി തലയിണകൊണ്ട് മുഖത്ത് അമര്‍ത്തി. വൈകീട്ട് ആറുവരെ ടി.വി. കണ്ടിരുന്നശേഷമാണ് ഇയാള്‍ നാടുവിട്ടതെന്നു പോലീസ് പറയുന്നു.

അമ്മയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ കൊട്ടിയത്ത് വിറ്റു. തിരുവനന്തപുരം വഴി ഡല്‍ഹിയിലെത്തി ഇവിടെ തന്റെ മൊബൈല്‍ ഫോണും വിറ്റു. ഇവിടെനിന്ന് അമ്മയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് 2,000 രൂപ പിന്‍വലിച്ചശേഷം ശ്രീനഗറിലേക്ക് പോയി. പിന്നീട് ഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിച്ചില്ല. ശ്രീനഗറിലെ വിവിധ വീടുകളില്‍ ജോലിക്കാരനായി കൂടുകയായിരുന്നു. ഒരുമാസത്തില്‍ കൂടുതല്‍ എവിടെയും നിന്നില്ല. അടുത്തമാസം ശ്രീനഗറില്‍നിന്ന് നേപ്പാളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.

കൃത്യംനടന്ന് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസിന് സംഭവത്തെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് അഞ്ചുസംഘങ്ങള്‍ രാജ്യംമുഴുവന്‍ നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ കണ്ടെത്തിയത്. മുന്‍പും അമ്മയെ ആക്രമിച്ചശേഷം പ്രതി നാടുവിട്ടുപോയിരുന്നു. അന്ന് താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഇവിടെയെങ്ങും ഇയാള്‍ എത്തിയിരുന്നില്ല.

വിവിധ സംസ്ഥാനങ്ങളില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോലിസ് പ്രതിയുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലും ഗോവയിലും കുളു-മണാലി ഭാഗങ്ങളിലും പോലിസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിമാനത്താവളങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലും വിവരങ്ങള്‍ കൈമാറി. പാസ്പോര്‍ട്ട് തടഞ്ഞു.

എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ഇതിനിടെ, ശ്രീനഗറില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചു. കുണ്ടറ എസ്.എച്ച്.ഒ. അനില്‍കുമാറും രണ്ട് സി.പി.ഒ.മാരും ഇവിടെയെത്തി. രണ്ട് ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതി താമസിക്കുന്ന വീട് കണ്ടെത്തി. കശ്മീര്‍ പോലീസ് എസ്.എസ്.ബി. ഇത്യാസ്, കശ്മീരിലെ മലയാളികളായ ആരിഫ്, ഉവൈസ്, ആദര്‍ശ്, കശ്മീര്‍ സ്വദേശി നൊമാന്‍ മാലിക് എന്നിവരും പോലിസിന് സഹായികളായി കൂടെയുണ്ടായിരുന്നു.

റാംമുന്‍ഷി ബാഗ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ദാല്‍ ലേക്ക് നന്‍പര്‍ ഒന്‍പതിന് സമീപത്തുള്ള വീട്ടില്‍ ജോലിക്കാരനായി കൂടിയിരിക്കുകയായിരുന്നു പ്രതി. വീട്ടിനുള്ളില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലിസ് സംഘം മുറിക്കുള്ളിലെത്തി പിടികൂടുകയായിരുന്നു.