കോഴിക്കോട്: മോഷണ കേസിൽ പിടിയിലായ പ്രതിയിൽ നിന്നും പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവാണ് പോലീസിന്റെ പിടിയിലായത്. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പ്രവീണ്‍ ഒടയോള(35)യെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ആഴ്ച മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് മാവൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അറസ്റ്റ്.

രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് കടകൾ നോക്കി വെച്ച ശേഷം കവർച്ച നടത്തിയിരുന്ന പ്രതി ഹോം നഴ്‌സായും, ആശാരിയായും ജോലി ചെയ്തിരുന്നതായാണ് വിവരം. രാത്രി സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകള്‍ നോക്കി വെച്ച ശേഷമാണ് പ്രതി മോഷണം നടത്തിയിരുന്നത്. ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.

പെന്‍സില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് മേശ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരുന്നത്. സെന്‍ട്രിംഗ് ജോലിക്കാരനായ പ്രവീണ്‍ മോഷണം നടത്തുന്നതിനായി മോഷണത്തിനായി ഹോം നഴ്‌സായി വീടുകളില്‍ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇയാൾ ഹോം നഴ്‌സായി ജോലി നോക്കിയിരുന്നത്. ഈ ജില്ലകളിൽ നിരവധി സ്ഥലങ്ങളിലാണ് പ്രതി മോഷണം നടത്തിയുരുന്നത്.

അറസ്റ്റിലായതോടെ സമാനമായ രീതിയിൽ നടത്തിയ നിരവധി മോഷണ കേസുകളാണ് തെളിഞ്ഞത്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് ചാലക്കുടിയില്‍ ഇരുപതോളം കടകളില്‍ സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. മാവൂര്‍ എസ്‌ഐ സലിം മുട്ടത്ത്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രവീണിനെ പിടികൂടിയത്.