കൊടൈക്കനാൽ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) കൊടൈക്കനാലിലെ ബംഗ്ലാവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹംകണ്ടെത്തിയത്. ഇത് ആസൂത്രിതമായ പ്രതികാരക്കൊലയാണോ എന്ന് സംശയിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊടൈക്കനാലിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലാണ് സംഭവം. പോലീസ് എത്തുമ്പോൾ സൂര്യനാരായണന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ബംഗ്ലാവിൽ അതിക്രമിച്ചു കയറിയ അക്രമികൾ സ്വർണാഭരണങ്ങളും സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലായിരുന്നു. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ബംഗ്ലാവിലെ മുറികൾ വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന അഞ്ച് യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

2018-ൽ നടന്ന ഒരു കൊലപാതകവുമായി സൂര്യനാരായണന്റെ മരണത്തിന് ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അന്ന്, വിഷ്ണുപ്രിയയ്ക്ക് അടുപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. കൊടൈക്കനാലിലെ വനമേഖലയിൽ കഴുത്തറത്ത നിലയിലാണ് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. വാടക കൊലയാളികളെ ഉപയോഗിച്ച് പ്രഭാകരനെ കൊലപ്പെടുത്തിയത് സൂര്യനാരായണന്റെ നിർദേശപ്രകാരമാണെന്ന് അന്ന് പോലീസ് കണ്ടെത്തിയിരുന്നു.

വിവാഹിതയായിരുന്ന വിഷ്ണുപ്രിയ പ്രഭാകരനുമായി അടുത്തതാണ് സൂര്യനാരായണനെ പ്രകോപിപ്പിച്ചത്. വിഷ്ണുപ്രിയയുടെ ഭർത്താവ് മാനസിക ചികിത്സയ്ക്കായി കൊടൈക്കനാലിൽ കഴിയുന്ന സമയത്ത്, വിഷ്ണുപ്രിയ ഭർത്താവിനൊപ്പം സൂര്യനാരായണന്റെ ബംഗ്ലാവിലേക്ക് വരാറുണ്ടായിരുന്നു. ഈ യാത്രകളിൽ വിമാനത്താവളത്തിൽ നിന്ന് കൊടൈക്കനാലിലേക്കും തിരിച്ചും വിഷ്ണുപ്രിയയെ കൊണ്ടുപോയിരുന്നത് കാർ ഡ്രൈവറായ പ്രഭാകരനായിരുന്നു. ഈ അടുപ്പം തടയാൻ സൂര്യനാരായണൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികാരമാണ് പുതിയ കൊലപാതകത്തിന് പിന്നിലെ സാധ്യതയെന്ന് പോലീസ് വിലയിരുത്തുന്നു.

തന്റെ ആജ്ഞ ലംഘിച്ച പ്രഭാകരനെ വകവരുത്താന്‍ സൂര്യനാരായണന്‍ കടുത്ത തീരുമാനമെടുത്തു. മണികണ്ഠന്‍, മുഹമ്മദ് സല്‍മാന്‍, ഇര്‍ഫാന്‍ എന്നിവര്‍ക്ക് പ്രഭാകരനെ കൊല്ലാന്‍ മൂന്നര ലക്ഷം രൂപയും 13 സെന്റ് ഭൂമിയുമാണ് ക്വട്ടേഷന്‍ തുകയായി നല്‍കിയത്. പ്രഭാകരന്റെ സുഹൃത്തായ സെന്തിലിനെ ഉപയോഗിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം തൊണ്ട മുറിച്ചാണ് അന്ന് 28-കാരനെ കൊലപ്പെടുത്തിയത്. കൊടൈക്കനാല്‍ മലനിരകളില്‍ 50 അടി താഴേക്ക് മൃതദേഹം തള്ളുകയായിരുന്നു.

പ്രഭാകരന്റെ മരണത്തിന് പിന്നിലെ ആസൂത്രകന്‍ സൂര്യനാരായണനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജയില്‍വാസം അനുഷ്ഠിച്ച ശേഷം പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. ഇപ്പോള്‍ സൂര്യനാരായണന്റെ വീട്ടിലെത്തിയ അഞ്ചംഗ സംഘം അദ്ദേഹത്തെ സമാനമായ രീതിയില്‍ (ശ്വാസം മുട്ടിച്ച്) കൊലപ്പെടുത്തിയത് പ്രഭാകരന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ നടത്തിയ പകവീട്ടലാണോ എന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്.