തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴി ഞെട്ടിക്കുന്നത്. അമ്മയെ ആക്രമിച്ചതും ബന്ധുക്കളെ കൊലപ്പെടുത്തിയതും അറിയിച്ച ശേഷമാണ് അനുജനായ അഫ്സാനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്നാണ് വെളിപ്പെടുത്തല്‍. അവസാനമായി കൊന്നത് കുഞ്ഞനുജനെ എന്നാണ് വ്യക്തമാകുന്നത്. പെണ്‍സുഹൃത്തിനേയും അനുജനേയും കൊന്നത് സ്‌നേഹ കൂടുതല്‍ കൊണ്ടാണെന്ന തരത്തിലാണ് മൊഴി.

അന്ന് സ്‌കൂള്‍ വിട്ട് അഫ്സാനെത്തിയപ്പോള്‍ വെഞ്ഞാറമൂട്ടില്‍ പോയി കുഴിമന്തി വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. ഇതിനായി ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി. മടങ്ങിയെത്തിയ അഫ്സാനോട് കൊലപാതകങ്ങള്‍ നടത്തിയ കാര്യം വീടിന്റെ മുന്‍വശത്തെ വാതില്‍പ്പടിയില്‍ വച്ച് പറഞ്ഞു. നിലവിളിച്ച അനുജനെ അവിടെവച്ചു തന്നെ ആക്രമിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയതിനുശേഷം കൈവശമുണ്ടായിരുന്ന നോട്ടുകള്‍ അഫ്സാന്റെ ശരീരത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കുളിച്ച് വസ്ത്രം മാറി പുറത്തിറങ്ങി ബൈക്കില്‍ കയറാന്‍ ശ്രമിച്ചെങ്കിലും മദ്യപിച്ചിരുന്നതിനാല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഓട്ടോയില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നാണ് അഫാന്റെ മൊഴി.

ബന്ധുക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചതിനുശേഷമാണ് പെണ്‍സുഹൃത്തായ ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് അഫാന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. 'അമ്മയെയും അമ്മൂമ്മയെയുമടക്കം കൊന്നു. ഇതുകേട്ട് ഫര്‍സാന ഞെട്ടി. ഇനി നമ്മളെങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചു. ഉടന്‍ ചുറ്റിക കൊണ്ട് ഫര്‍സാനയെ തലയ്ക്കടിച്ചുകൊന്നു'. കൊലപാതക വിവരം കേട്ട് കസേരയില്‍ തലയില്‍ കൈവച്ചിരുന്ന ഫര്‍സാനയെ പ്രതി ചുറ്റികകൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഒറ്റയടിക്ക് തന്നെ ജീവന്‍ പോയി എന്നാണ് പുറത്തു വരുന്ന വിവരം.

ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കടം വാങ്ങിയ പണം നല്‍കാത്തതിനാല്‍ അവര്‍ മോശമായി സംസാരിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. സഹോദരനെ കൊന്നശേഷം പിന്നീട് വിഷം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അഫാന്‍ പറഞ്ഞു. മാമനേയും കൊല്ലാന്‍ ആലോചിച്ചു. എന്നാല്‍ കൊച്ചു കുട്ടികള്‍ ഉള്ളതു കൊണ്ട് മാമനെ വെറുതെ വിടുകയായിരുന്നു.

പ്രതി അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്.

മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.