ആഗ്ര: പോലീസുകാരന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ചു യുവതി ആത്മഹത്യ ചെയത്ു. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷം ഒന്നിച്ച് താമസിപ്പിച്ച ശേഷം പൊലീസുകാരന്‍ മറ്റൊരു വിവാഹത്തിനൊരുങ്ങിയതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.

ആഗ്ര സ്വദേശിയായ യുവതിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ചതിക്കപ്പെട്ടുവെന്നും തന്റെ മരണത്തിന് ഉത്തരവാദി പൊലീസുകാരനായ കാമുകനാണെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസിലെ കോണ്‍സ്റ്റബിളായ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.

യുവതി ആത്മഹത്യാ കുറിപ്പില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കടുപ്പമുള്ളവയാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേലാണ് ഒന്നിച്ച് താമസിച്ചിരുന്നത്. യുവതിയെ വഞ്ചിച്ചുകൊണ്ട് പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിന്റെ നിശ്ചയം കഴിഞ്ഞ വിവരം അറിഞ്ഞതോടെയാണ് യുവതി കടുത്ത തീരുമാനമെടുത്തത്.

യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടിയന്തര നടപടി എന്നോണം ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 'എന്നെ സ്‌നേഹിച്ചവനും കൂടെക്കൂട്ടിയവനും ഒടുവില്‍ മറ്റൊരു പെണ്ണിനെ തേടിപ്പോയി. എനിക്കിനി ജീവിക്കാനാവില്ല... എന്നാണ് യുവതി ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത്.

തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് പ്രതി യുവതിയെ വിശ്വസിപ്പിച്ചിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.