- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അള്ളാഹുവിന്റെ പേര് പറഞ്ഞ് ബിസിനസു പിടുത്തം; പണം മുന്‍കൂറായി വാങ്ങിയ ശേഷം സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചു; കാശു കൊടുത്തു കുടുങ്ങിയവര്‍ ഗത്യന്തരമില്ലാതെ പരക്കംപായുന്നു; ഐ.ടി റെയ്ഡിന് പിന്നാലെ അടച്ച ജുവല്ലറി ഷോറൂം തുറന്നപ്പോള്‍ ഇരച്ചുകയറി പണം പോയവര്‍; അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്‍
അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്‍
തിരുവനന്തപുരം: അനന്തു കൃഷ്ണന്‍ നേതൃത്വം കൊടുത്ത പാതിവില തട്ടിപ്പിലെ പുറത്തുവരുന്ന വിവരങ്ങള്‍ കേരളത്തെ നടുക്കുന്നതാണ്. എന്നാല്‍, ഈ വാര്‍ത്തക്ക് പിന്നാലെ പോകുന്ന പല മാധ്യമങ്ങളും കണ്ടില്ലെന്ന നടക്കിയന്നത് അല്‍ മുക്താദിര്‍ ജുവല്ലറി നടത്തി കബളിപ്പിക്കലിനെ കുറിച്ചാണ്. അള്ളാഹുവിന്റെ പേര് പറഞ്ഞു നാട്ടുകാരില്‍ നിന്നും പണം സമാഹരിച്ച ജുവല്ലറി ഷോറൂമുകള്‍ വികസിപ്പിച്ച അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത് അടുത്തിടെയാണ്. ഈ റെയ്‌ഡോടെ ജുവല്ലറിയുടെ തട്ടിപ്പുകള്‍ പുറത്തുവരികയുണ്ടായി.
അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ ജുവല്ലറി കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കള്ളപ്പണം വെളുപ്പിക്കലും മണി ചെയിന്‍ മാതൃകയില്‍ പണം ശേഖരിക്കലും അടക്കം സര്‍വ്വ വിധത്തിലും സ്ഥാപനം തട്ടിപ്പു നടത്തിയെന്നാണ് ഇന്‍കംടാക്സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അടിമുടി തട്ടിപ്പു നടത്തി അല്‍ മുക്താദിര്‍ ജുവല്ലറിയുടെ കേരളത്തിലെ ഷോറൂമുകള്‍ അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.
ഇതിനിടെ ചില ഷോറൂമുകള്‍ തുറന്നപ്പോള്‍ ജുവല്ലറിയില്‍ സ്വര്‍ണത്തിന് പണം മുന്‍കൂറായി നല്‍കിയവര്‍ ഷോറൂമിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചു. പെണ്‍മക്കളുടെ വിവാഹത്തിന് ഇരട്ടി സ്വര്‍ണം എന്ന ഓഫര്‍ അടക്കം വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കിയവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍ ആയത്. ജുവല്ലറി അടഞ്ഞു കിടക്കുന്നത് കണ്ട് തുറക്കുന്നതും കാത്തിരിക്കയായിരുന്നു പണം കൊടുത്തവര്‍. പലരും അടഞ്ഞു കിടക്കുന്ന ഷോറൂം കണ്ടത് തിരിച്ചു പോയി.
അങ്ങനെയിരിക്കേയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം പഴവങ്ങാടിയിലുള്ള അല്‍മുക്താദിര്‍ ഷോറൂം തുറന്നത്. ഇതോടെ പണം മുടക്കിയിട്ടും സ്വര്‍ണം കിട്ടാത്തവര്‍ ഇരച്ചു കയറി. തങ്ങള്‍ മുടക്കിയ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. ഇവരില്‍ ചിലരെടുത്ത വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോ എടുത്തവരെ തടഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തുന്നതും കാണാം. പലരും പരാതി നല്‍കാത്ത കാര്യം അടക്കം ഓര്‍മ്മിപ്പിക്കുന്നുണ്ട്. പരാതി കൊടുത്താല്‍ ഒരു രൂപ പോലും തിരികെ കിട്ടില്ലെന്ന് ഭീഷണിയിലാണ് ഇവര്‍ പ്രതിഷേധങ്ങളെ നേരിടുന്നത്. ലക്ഷങ്ങള്‍ നല്‍കിയവര്‍ പണം തിരിച്ചു കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.
നിക്ഷേപം എന്ന നിലയില്‍ പണം വാങ്ങിയ ശേഷം ഷോറൂമുകളില്‍ നിന്നും സ്വര്‍ണം അടക്കം കടത്തിയെന്ന ആക്ഷേപങ്ങള്‍ ഉണ്ട്. മതത്തിന്റെ അകമ്പടിയില്‍ ബിസിനസ് നടത്തുകയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ചെയ്തത്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയുണ്ട്.
നേരത്തെ ഇന്‍കം ടാക്‌സ് പരിശോധനയില്‍ പലവിധത്തിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കലിന് മറയാക്കി സ്ഥാപനം പ്രവര്‍ത്തിച്ചു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഇന്‍കം ടാക്‌സ് കണ്ടെത്തല്‍. മണിചെയിന്‍ മാതൃകയിലാണ് കോടികള്‍ സ്ഥാപനം കൈപ്പറ്റിയത്. പഴയ സ്വര്‍ണം വാങ്ങുന്നതിന്റെ പേരലും വലിയ തട്ടിപ്പാണ് ജുവല്ലറി നടത്തിയത്. മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. ഇതിന് മുംബൈയിലുള്ള സ്ഥാപനത്തിന്റെ സഹായവും ജുവല്ലറിക്ക് ലഭിച്ചിട്ടുണ്ട്.
50 കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ദുബായിലേക്കാണ് പണം കടത്തിയത്. രാജ്യത്തിന് നികുതിയായി ലഭിക്കേണ്ട പണമാണ് ഇവര്‍ തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ തലവന്‍ വ്യക്തിപരമായ ആവശ്യത്തിന് പണം കടത്തിയെന്നും ഇന്‍കംടാക്സ് പരിശോധനയില്‍ കണ്ടെത്തി. ജുവല്ലറികളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
സ്വര്‍ണ്ം സൂക്ഷിച്ചതിന് അടക്കം പലതിനും കണക്കില്ലെന്നാണ് ഇന്‍കംടാക്സ് തിരുവനന്തപുരം യൂണിറ്റിന്റെ കണ്ടെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ പരാതികളായി പുറത്തു വരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
അടുത്തിടെ അല്‍മുക്താദിര്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന ആരോപണവുമായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ രംഗത്തുവന്നിരുന്നു. പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായാണ് ജുവല്ലറി എത്തിയതെന്നാണ് ഉത്തരവാദിത്തപ്പെട്ട അബ്ദുല്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം.
പത്രങ്ങളിലെ പരസ്യം കണ്ട് നിരവധി ഉപഭോക്താക്കള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്നതിന് ഇയാളുടെ ഷോറൂമുകളില്‍ എത്തുന്നവരില്‍ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി സ്വീകരിച്ചിരുന്നു. മൂന്നും,ആറും മാസവും, ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണ്ണം നല്‍കാമെന്ന് ഉറപ്പിന്മേലാണ് ഇങ്ങനെ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നില്ല. പല ഉപഭോക്താക്കളും കടയടപ്പിക്കാതെ രാത്രി വെളുക്കുവോളം അവിടെ തപസ്സിരുന്നു മറ്റു ഷോറൂമുകളില്‍ നിന്നും സ്വര്‍ണം എത്തിച്ച് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രവണതയാണ് ഇപ്പോള്‍ ജുവല്ലറിയില്‍ നടക്കുന്നത് എന്നാണ് അബ്ദുള്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം.