തിരുവനന്തപുരം: അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജ് ബെസിയോക്കോവ് പിടിയിലായത് റഷ്യയിലേക്ക് മടങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ്. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സിബിഐ ചോദ്യം ചെയ്തതിനുശേഷം ഇയാളെ അമേരിക്കയ്ക്ക് കൈമാറും. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിനാണ് ഇയാളെ അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

സാമ്പത്തിക കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിക്കോവ് എട്ട് ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. കോടികളുടെ തട്ടിപ്പ് നടത്തിയ ഇയാള്‍ വര്‍ക്കലയിലെ വാടക വീട്ടില്‍ അറും പിശുക്കനെ പോലെയാണ് ജീവിച്ചത്.

കുരയ്ക്കണ്ണിയില്‍ ബീച്ചിനോടു ചേര്‍ന്ന് രണ്ടുനില വീട്ടിലായിരുന്നു താമസം. പൊലീസ് ബെസിക്കോവിനെ പൊക്കിയപ്പോള്‍ ആകെ ഞെട്ടിയത് ഇയാള്‍ക്ക് വീടു വാടകയ്ക്ക് നല്‍കിയ വര്‍ക്കല സ്വദേശി എ. സലീമാണ്. എട്ടുവര്‍ഷം മുന്‍പാണ് വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് കണ്ട് സലീമിനെ അലക്‌സേജ് വിളിക്കുന്നത്. വീട് കണ്ടപാടേ അഡ്വാന്‍സ് കൊടുത്തു. വര്‍ഷം 3 ലക്ഷം രൂപ വാടക. അലക്‌സേജ് ഭാര്യ യൂലിയയുടെ ഒപ്പമാണ് താമസിക്കാന്‍ എത്താറുള്ളത്.

സാധാരണഗതിയില്‍, റഷ്യയില്‍ നിന്നുള്ള മൂന്നോ നാലോ കുടുംബ സുഹൃത്തുക്കളും അവരുടെ കുടുംബവുമാണ് അലക്‌സേജിനെ കൂടാതെ വര്‍ക്കലയില്‍ വന്നുപോകുന്നത്. ബിസിനസ് പങ്കാളിയായ റഷ്യന്‍ പൗരന്‍ അലക്‌സാണ്ടര്‍ മിറ സെര്‍ദയുമായി പിന്നീട് സലീമിനെ കാണാനെത്തി. അലക്‌സാണ്ടറും സലീമുമായി അടുപ്പം പുലര്‍ത്തി.

ഐടി കമ്പനിയില്‍ ജോലിയെന്നാണ് സലീമിനോട് പറഞ്ഞത്. ഇയാളുടെ പിശുക്ക് കണ്ടപ്പോള്‍, തട്ടിപ്പുകാരനാണെന്ന് സലീമിന് തോന്നിയതേയില്ല. 12,000 രൂപയുടെ സ്‌കൂട്ടറാണ് ഇവിടെ സഞ്ചാരത്തിനായി വാങ്ങിയത്. സ്റ്റാര്‍ട്ടാവാതെ വന്നാലും സ്വയം അറ്റകുറ്റപ്പണി നടത്തി ഓടിക്കും. വീട്ടിലെ ടാപ്പ് കേടായാല്‍ ചെറിയ തുക പോലും മുടക്കാതെ വീട്ടുടമയെ കാത്തിരിക്കും. ഹോട്ടലുകളില്‍ പോയി അധികം ഭക്ഷണം കഴിക്കാറില്ല. വാടക കുറയ്ക്കുന്നതിന് ഓരോ പ്രാവശ്യവും വരുമ്പോള്‍ വിലപേശും. പാചകത്തിനും ജോലിക്കാരെ വിളിക്കാറില്ല. വാടക വര്‍ധിപ്പിക്കണമെന്ന് തുടര്‍ച്ചയായി 5 വര്‍ഷം ആവശ്യപ്പെട്ടെങ്കിലും് കഴിഞ്ഞവര്‍ഷമാണ് സമ്മതിച്ചത്.

വര്‍ക്കല കനറാ ബാങ്കില്‍ ഇദ്ദേഹം അക്കൗണ്ട് എടുത്തിരുന്നു. ബീച്ചിലെത്തിയാല്‍ മറ്റു വിദേശികള്‍ അര്‍ധരാത്രിയിലും ആഘോഷം തുടരുമെങ്കിലും അലക്‌സേജ് രാത്രി 9 നു മുന്‍പ് തന്നെ മടങ്ങും. വര്‍ക്കല സ്വദേശികളായ സെബിനും അഹാദും റഷ്യയിലേക്കു പോയപ്പോഴാണ്, വര്‍ക്കലയില്‍ സാധാരണക്കാരനെ പോലെ നടന്നിരുന്ന റഷ്യക്കാരന്‍ അലക്‌സാണ്ടറുടെ തനിരൂപം കാണുന്നത്. രണ്ട

് കപ്പല്‍ നിര്‍മാണ കമ്പനിയുടെ ഉടമയാണ് അലക്‌സാണ്ടര്‍ എന്നാണ് റഷ്യയില്‍നിന്ന് അവര്‍ക്ക് ലഭിച്ച വിവരം. ഇരുവരെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിലകൂടിയ കാറുകളുടെ ശേഖരം തന്നെ അലക്‌സാണ്ടറിനുണ്ട്.

ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അലക്‌സേജിനെ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ നിന്ന് പോലീസ് പൊക്കിയത്. വര്‍ക്കല സ്റ്റേഷനിലെ സി.പി.ഒ. ജോജിന്‍ രാജാണ് താമസസ്ഥലം കണ്ടെത്തിയത്. മേഖലയിലെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെ സി.പി.ഒ. അലക്‌സേജ് വാടകയ്ക്ക് താമസിക്കുന്ന ഹോംസ്റ്റേയിലും തിരച്ചലിന് എത്തി. അലക്‌സേജ് വാതില്‍ തുറന്നു. പോലീസുകാരനെ കണ്ടതോടെ അപകടം മണത്ത ഇയാള്‍ പിന്നാലെ പോലീസുകാരന് പണം വാഗ്ദാനം ചെയ്തു. 500-ന്റെ നോട്ടുകെട്ടുകള്‍ പോലീസുകാരന് നല്‍കാന്‍ ശ്രമിച്ചു. 50,000 രൂപയുണ്ടായിരുന്നു ഇത്. എന്നാല്‍ ജോജിന്‍ രാജ് അതു വാങ്ങിയില്ല. പകരം മനസ്സില്‍ സംശയം കൂടി. ഉടന്‍ ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചു. പിന്നാലെ വര്‍ക്കല പോലീസ് സംഘം സ്ഥലത്തെത്തി. ആ കൈക്കൂലി കൊടുക്കാന്‍ നോക്കിയ ആളിനെ പിടിച്ചു. അപ്പോഴാണ് കുടുങ്ങിയത് അലക്‌സേജ് ബെസിയോക്കോവാണെന്ന് മനസ്സിലായത്.

സിബിഐ കൈമാറിയ കിറുകൃത്യമായ വിവരമാണ് തുണച്ചത്. അമേരിക്കന്‍ പോലീസില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ വിലയിരുത്തിയാണ് ബെസിയോക്കോവി വര്‍ക്കലയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഈ കൊടും സാമ്പത്തിക കുറ്റവാളി വര്‍ക്കലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വര്‍ഷത്തില്‍ മൂന്നോ നാലോ മാസങ്ങള്‍ വര്‍ക്കലയിലെത്തി താമസിക്കാറുണ്ട്. ഒരുവര്‍ഷത്തിന് അഞ്ചുലക്ഷം രൂപ നല്‍കിയാണ് നിലവിലെ ഹോംസ്റ്റേ ഇയാള്‍ വാടകയ്‌ക്കെടുത്തിരുന്നത്. ഇത്തവണ അലക്‌സേജിനൊപ്പം ഭാര്യയും മക്കളും വര്‍ക്കലയിലെത്തിയിരുന്നു. പോലീസ് പിടിയിലാകുന്നതിന്റെ തലേദിവസം ഇവര്‍ ഇന്ത്യയില്‍നിന്ന് മടങ്ങി. ചില സംശയങ്ങള്‍ ബെസിയോക്കോവിന് കിട്ടിയിരുന്നു. അതുകൊണ്ടാണ് അതിവേഗം കുടുംബത്തെ പറഞ്ഞു വിട്ടത്. ഇതിന് ശേഷം വര്‍ക്കല വിടാനും പദ്ധതിയിട്ടു. പിടികൂടിയതിന് ശേഷമാണ് വലയിലായത് വന്‍ കുറ്റവാളിയാണെന്ന വിവരം വര്‍ക്കല പോലീസും തിരിച്ചറിഞ്ഞത്. ജോജിന്‍ രാജ് എന്ന സിപിഒയുടെ സത്യസന്ധത മാത്രമാണ് ഈ വമ്പന്‍ സ്രാവിനെ പൊളിച്ചത്. ജോജിന്‍ രാജിന്റെ സംശയം അമേരിക്ക തലയ്ക്ക് പൊന്നിന്‍ വിലയിട്ട ക്രിമിനലിനെ കുടുക്കിയെന്നതാണ് വസ്തുത.

അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്‌സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കുന്ന സാമ്പത്തിക കുറ്റവാളി. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ്. അലക്സേജിനൊപ്പം ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്സേജും മിറ സെര്‍ദയും ഗാരന്റക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബര്‍ കുറ്റവാളികള്‍ക്കും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കി. ഹാക്കിങ്, കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുടെ വിപണനം, ക്രിപ്‌റ്റോ തട്ടിപ്പ് എന്നിവയിലും ഇവര്‍ക്ക് പങ്കുണ്ട്. വര്‍ക്കലയിലും ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നോ എന്ന സംശയമുണ്ട്. എന്നാല്‍ ഇതിലേക്കൊന്നും പോലീസ് അന്വേഷണം നടത്തിയിട്ടില്ല.

മയക്കുമരുന്നു കച്ചവടം, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്, സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ് തുടങ്ങി വിവിധ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ടൂറിസ്റ്റ് വിസയിലെത്തിയ ഇയാള്‍ ഏറെക്കാലമായി രാജ്യത്തുള്ളതായാണ് വിവരം.ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലിരുന്നും അലക്‌സേജ് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. വര്‍ക്കലയില്‍ താമസിക്കുമ്പോള്‍ പ്രദേശവാസികളുമായോ മറ്റ് വിദേശികളുമായോ ഇദ്ദേഹത്തിന് വലിയ ബന്ധമൊന്നുമില്ലായിരുന്നു. അമേരിക്കയുടെ അപേക്ഷപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്. വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്എച്ച് ഒ വി ദിപിന്‍, സിപിഒ മാരായ രാകേഷ് ആര്‍ നായര്‍ ,ജോജിന് രാജ് ,ഡി സുജിത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.