- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എംഡിഎംഎയുമായി പിടിയിലായത് കൊലക്കേസ് പ്രതി; കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസുകാര്‍ക്ക് വാഗ്ദാനം നല്‍കിയത് പണം; ഒത്തുതീര്‍പ്പിന് ഇടനിലക്കാരനായി നിന്നത് ക്കൈക്കൂലി കേസില്‍ സ്ഥലം മാറ്റം കിട്ടിയിട്ടും പോകാത്ത സ്റ്റേഷനിലെ എസ്‌ഐ; ഒപ്പമുണ്ടായിരുന്ന യുവാവിനെ പ്രതിയാക്കി എഫ്‌ഐആര്‍; അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കോട്ടയം: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയുമായി പിടിയിലായ കേസില്‍ മുഖ്യപ്രതിയെ പോലീസ് രക്ഷപ്പെടുത്തിയെന്ന് ആരോപണം. കോട്ടയം സ്വദേശിയായ കൊലക്കേസ് പ്രതിയും നേരത്തെ അറസ്റ്റിലായ ഗുണ്ടാനേതാവും ബ്ലേഡ് പണമിടപാടുകാരനുമായ യുവാവിനെ പോലീസ് അന്വേഷണം തുടങ്ങാതെ ഇയാളില്‍ നിന്ന് പണം വാങ്ങിയ ശേഷം വിട്ടയച്ചതായാണ് പരാതി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ മാത്രമാണ് പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് ചെയ്തതും.
മയക്കുമരുന്ന് തടയാനായി സംസ്ഥാനതലത്തില്‍ ശക്തമായ കാമ്പയിനുകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി വിവാദമാകുന്നത്. സംഭവം പുറത്തായതോടെ പോലീസ് ഇന്റലിജന്‍സ് എസ്പി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വാണിജ്യ ഉദ്ദേശ്യത്തോടെ കൂടിയ അളവില്‍ മയക്കുമരുന്ന് കൈവശംവെച്ചത് 20 വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കോട്ടയം തിരുവാതുക്കല്‍ പാറേച്ചാല്‍ ബൈപ്പാസില്‍ ആണ് ഉണ്ടായത്. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘത്തിലെ ഉദ്യേഗസ്ഥര്‍ക്ക് സംശയം തോന്നി നിര്‍ത്തിയിട്ടിരുന്ന കാര്‍ പരിശോധിക്കാന്‍ ശ്രമിച്ചതോടെ കാറിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങി ഓടി. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് പിടിച്ച ശേഷം ദേഹം പരിശോധിച്ചപ്പോഴാണ് വില്‍പ്പനയ്ക്ക് എത്തിയ 11.9ഗ്രാം എംഡിഎംഎ കണ്ടെത്തുന്നത്.
സംഭവ സ്ഥലത്ത് നാട്ടുകാര്‍ കൂടിയതോടെ പോലീസ് ഇവരെ സ്റ്റേഷനിലേക്ക് എത്തിച്ചു. വിവാദങ്ങള്‍ക്ക് ഇടയാക്കിയ നടപടി ജനമൈത്രി ഹാളില്‍ നിന്നായിരുന്നു. പൊലീസ് സ്റ്റേഷന് സമീപത്തെ ഹാളില്‍ ഇരുത്തിയ പ്രതികളോടുള്ള ഇടപാട് മണിക്കൂറുകള്‍ നീണ്ടിരുന്നു. തുടര്‍ന്ന് പണത്തിന്റെ കാര്യത്തില്‍ ധാരണയായതോടെ സംഘത്തിലെ ഒരാളെ മാത്രം കേസില്‍ പ്രതിയാക്കി എഫ്‌ഐആര്‍ എഴുതുകയായിരുന്നു.
സ്ഥലമാറ്റ ഉത്തരവിട്ടിട്ടും സ്ഥാനമൊഴിയാത്ത ഇതേ സ്റ്റേഷനിലെ മുതിര്‍ന്ന എസ്ഐയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പു ശ്രമമെന്ന സംശയം ഉന്നയിക്കപ്പെടുന്നു. ഈ ഉദ്യോഗസ്ഥന് നേരത്തെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് മറ്റ് ഉദ്യേഗസ്ഥരും ഇടപെട്ടു.
പ്രധാനപ്രതിയെ കേസില്‍ ഉള്‍പ്പെടുത്താതെ പോലീസ് വൈകീട്ടോടെ വിട്ടയിച്ചു. രക്ഷപ്പെട്ട പ്രതി സജീവ രാഷ്ട്രീയ ബന്ധങ്ങളുള്ളതും നാടകീയമായി വന്‍കിട പണമിടപാടുകള്‍ നിയന്ത്രിക്കുന്നതുമായ ആളാണ്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും, ഇവയിലൂടെ ലഹരി കടത്തലും നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇടനിലക്കാരനായ എസ്‌ഐ സ്റ്റേഷനില്‍ എത്തുന്നവരില്‍ നിന്ന് പണം പിടിച്ചുപറിക്കുന്നയാളാണെന്ന് സേനയ്ക്ക് അകത്ത് തന്നെ ആരോപണമുണ്ട്. പണമിടപാടുകാരനെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയത്. എന്നിട്ടും കോട്ടയത്തു നിന്ന് മാറി പോകാതെ നില്‍ക്കുകയാണ് ഈ ഉദ്യേഗസ്ഥന്‍.
ഇത്തരത്തില്‍ പ്രതിയെ പുറത്തുവിട്ട നടപടി അന്വേഷണത്തിലേക്ക് നീങ്ങേണ്ടത് നിയമവ്യവസ്ഥയുടെ വിശ്വാസ്യതക്കാണ് ആവശ്യമായതെന്ന് പരിസരവാസികളും സാമൂഹിക സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. എംഡിഎംഎ പിടികൂടിയാലുടന്‍ കേസെടുക്കണമെന്നാണ് ചട്ടം. എന്നിട്ടും ബുധനാഴ്ച വൈകീട്ട് പിടികൂടി സ്റ്റേഷനിലെത്തിച്ച പ്രതികളെ വ്യാഴാഴ്ച ഉച്ചയ്ക്ക് പിടിച്ചെന്നാണ് പോലീസ് രേഖപ്പെടുത്തിയതും കേസെടുത്തതും.
വന്‍കിടക്കാരും സ്വാധീനമുള്ളവരും ഇയാള്‍ മുഖേന ബ്ലേഡ് ഇടപാടിനായി പണം ഇറക്കിയിട്ടുണ്ട്. ഇയാള്‍ അകത്തായാല്‍ ഇങ്ങനെ കളത്തിലിറക്കിയ പണം തിരിച്ചുപിടിക്കാന്‍ വന്‍കിടക്കാര്‍ക്ക് ബുദ്ധിമുട്ടാകും. പണമെറിഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തുന്നതിന് അതും കാരണമായെന്നാണ് വിവരം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊലക്കേസില്‍ പ്രതിയായ ഇയാളുടെ സംഘത്തില്‍പ്പെട്ടവര്‍ കോട്ടയം നഗരത്തിലെ ബാറില്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവവുമുണ്ട്. ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ എത്തിച്ച് വില്പന നടത്തുന്ന വന്‍ സംഘത്തിലെ കണ്ണിയാണ് പോലീസ് രക്ഷപ്പെടുത്തിയ യുവാവെന്നാണ് വിവരം.