- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അടുപ്പത്തിലായിരുന്ന യുവതിയുമായുള്ള വിവാഹം അമ്മ എതിർത്തു; മറ്റൊരു വിവാഹം ഉറപ്പിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല; മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായി; പകയിൽ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി; അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞു; ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ മകന്റെ മൊഴി ഞെട്ടിക്കുന്നത്
ആലപ്പുഴ: ആലപ്പുഴയിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയത് വിവാഹം നടത്തി നൽകാത്തതിലുണ്ടായ പകയെ തുടർന്ന്. ആലപ്പുഴ കൊമ്മാടിയില്‍ താമസിക്കുന്ന ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനായ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലിൽ ബാബു കുറ്റം സമ്മതിച്ചു.
പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഈ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമ്മ ആഗ്നസ് ശക്തമായി എതിർത്തുവെന്നും പ്രതി മൊഴി നൽകി. ഇതോടെ അമ്മയോട് അടങ്ങാത്ത പകയായി. ഈ വിവാഹം നടന്നില്ലെങ്കിൽ മറ്റൊരു വിവാഹമെങ്കിലും വീട്ടുകാർ നടത്തിത്തരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവാത്തത് വൈരാഗ്യം വർധിപ്പിച്ചു. ഇതിനുശേഷം മദ്യപാനിയായ ബാബു സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുകയും പണത്തിനായി സഹോദരിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ചയും മദ്യപിച്ചെത്തിയ ബാബു വീട്ടിൽ വഴക്കുണ്ടാക്കി. മദ്യപിച്ചെത്തിയ ബാബു 100 രൂപ ആവശ്യപ്പെടുകയും ഇത് ലഭിക്കാത്തതിനെ തുടർന്ന് മാതാപിതാക്കളുമായി വഴക്കിടുകയുമായിരുന്നു. ഇതിനിടെ, കൈയിൽ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും പിന്നീട് തടയാൻ ശ്രമിച്ച അച്ഛനെയും കുത്തുകയായിരുന്നു. തങ്കരാജന് കഴുത്തിലും ആഗ്നസിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിൽ കുത്തേറ്റു. കൊലപാതകത്തിനു ശേഷം അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞെന്നും പിന്നീട് പുറത്തിറങ്ങി സഹോദരിയെയും അയൽക്കാരെയും വിവരമറിയിച്ചെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
പോലീസ് വീട്ടിൽ നടത്തിയ തിരച്ചിലിൽ കൊലപാതകത്തിനുപയോഗിച്ച കറിക്കത്തി കണ്ടെടുത്തു. കൃത്യത്തിനുശേഷം ബാബു സഹോദരി മഞ്ജുവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന്, തൊട്ടടുത്ത വീട്ടിലെത്തി 'ഒരാളെ ഞാൻ തീർത്തിട്ടുണ്ട്, വേണമെങ്കിൽ ആശുപത്രിയിലെത്തിച്ചോ' എന്ന് പറഞ്ഞ ശേഷം സൈക്കിളിൽ രക്ഷപ്പെട്ടു. അയൽവാസികൾ ഓടിയെത്തിയപ്പോൾ തങ്കരാജൻ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ജീവനുണ്ടായിരുന്ന ആഗ്‌നസിനെയും തങ്കരാജനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മദ്യപാനിയായ ബാബു വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടും പണത്തിനായും പതിവായി മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ആഗ്നസ് പോലീസിൽ പരാതി നൽകി വീട്ടിൽ തിരിച്ചെത്തിയ ദിവസമാണ് കൊലപാതകങ്ങൾ ഉണ്ടായത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം പ്രതി സൈക്കിളിൽ സമീപത്തുള്ള ബാറിലേക്ക് പോവുകയായിരുന്നു.
ഇവിടെനിന്നാണ് വ്യാഴാഴ്ച രാത്രി പോലീസ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് സംഘം രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ കാളാത്ത് വാർഡിലുള്ള മകൾ മഞ്ജുവിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ചാത്തനാട് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
നേരത്തേ വഴിച്ചേരിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പിന്നീട് കൊമ്മാടിയിലെ വീട്ടിലേക്കു മാറി. മാതാപിതാക്കള്‍ മിക്കപ്പോഴും മകളുടെ അടുത്തായിരുന്നു താമസം. മകളുടെ ഭര്‍ത്താവ് സൈനികോദ്യോഗസ്ഥനാണ്. ഇദ്ദേഹം നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് ഇരുവരും ഈ വീട്ടിലേക്ക് വരുന്നത്.