- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചികില്‍സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു; നടപടി പിതാവിന്റെ പരാതിയില്‍
ചികില്‍സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു;
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് കോളജിലെ അവസാന വര്‍ഷ ബിഎസ്.സി നഴ്സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്ത് പൊയ്ക ശിവം വീട്ടില്‍ ടി. സജീവിന്റെ മകള്‍ അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികില്‍സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. സംഭവം നടന്ന നവംബര്‍ 15 ന് വൈകിട്ട് 5.20 ന് ജനറല്‍ ആശുപത്രി കാഷ്വാലിറ്റി ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, സ്റ്റാഫ് എന്നിവര്‍ക്കെതിരേയാണ് കേസ്. അമ്മുവിന്റെ പിതാവ് സജീവ് നല്‍കിയ പരാതി പ്രകാരം സെക്ഷന്‍ 106(1)3(5) ബിഎന്‍എസ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെട്ടിപ്പുറത്തുള്ള എന്‍എസ് എസ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍ നിന്നും വീണ് പരുക്കേറ്റ അമ്മുവിനെ വൈകിട്ട് 5.15 നാണ് ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും ഐസിയു സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചില്ല എന്നും മറ്റും ആരോപിച്ച് പിതാവ് സജീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് പത്തനംതിട്ട സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
വൈകിട്ട് 5.15 ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമ്മു സജീവിനെ രാത്രി ഒമ്പതു മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചതെന്നും അതിനോടകം മരണം സംഭവിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഭാഗത്തു നിന്നും ചികില്‍സാ പിഴവുണ്ടായെന്നും എഫ്ഐആറില്‍ പരാമര്‍ശം ഉണ്ട്.
തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ മാരക പരിക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മുവിന്റെ സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും മനഃശാസ്ത്ര വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് പരാതി. മൂന്ന് സഹപാഠികള്‍ അറസ്റ്റിലായി. തുടര്‍ന്ന് കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാം, അധ്യാപകന്‍ സജി എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ പി. ഹരികൃഷ്ണനാണ് നടപടിയെടുത്തത്. അമ്മുവിന്റെ മരണത്തിനു മുന്‍പ് രക്ഷിതാക്കള്‍ കോളജിനു നല്‍കിയ പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ പ്രിന്‍സിപ്പലിനും അധ്യാപകനും വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാമിനെ സീതത്തോട്ടിലേക്കു സ്ഥലംമാറ്റിയിരുന്നെങ്കിലും സംഭവത്തില്‍ രണ്ടാമതൊരു അന്വേഷണം ആരോഗ്യ സര്‍വകലാശാല നടത്തിയതോടെയാണ് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതെന്ന് പറയുന്നു. കോളജിലെ ഒരു അധ്യാപകനെതിരേ അമ്മുവിന്റെ കുടുംബം നേരിട്ടു പരാതി നല്‍കുകയും ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്